മരംമുറിക്കല്‍ തടയുന്നതില്‍ റവന്യു വകുപ്പിന് ഗുരുതര വീഴ്ച; വനം വകുപ്പ് വിജിലന്‍സ് റിപ്പോര്‍ട്ട്

മരംമുറിക്കല്‍ തടയുന്നതില്‍ റവന്യൂ വകുപ്പിന് ഗുരുതര വീഴ്ചയെന്ന് വനം വകുപ്പ് വിജിലന്‍സ് റിപ്പോര്‍ട്ട്. റവന്യു വകുപ്പിന് എതിരെ സര്‍ക്കാരിന് വനം വകുപ്പ് വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് നല്‍കി. മരം മുറിക്കല്‍ തടയുന്നതില്‍ റവന്യു വകുപ്പിന് വീഴ്ച പറ്റി. വിവാദമായ മരംമുറിക്കല്‍ ഉത്തരവിന്റെ മറവില്‍ നഷ്ടമായത് 15 കോടി രൂപയുടെ മരങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒന്‍പത് ജില്ലകളില്‍ നിന്ന് അനധികൃതമായി മരം മുറിച്ചു. 2020 ഒക്ടോബര്‍ നാലിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവാണ് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, വയനാട്, തൃശൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കൂടുതല്‍ മരംമുറിക്കല്‍ നടന്നു.
എട്ടരക്കോടിയുടെ മരം തിരിച്ചുപിടിച്ചുവെന്നും റിപ്പോര്‍ട്ടില്‍. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് 2400 വന്‍ വൃക്ഷങ്ങളാണ് മുറിച്ചുമാറ്റിയത്. മുറിച്ച മരങ്ങളില്‍ 90 ശതമാനവും തേക്കും ഈട്ടിയുമാണ്. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണം. വയനാട്ടില്‍ ആണ് ഗുരുതരമായ ചട്ടലംഘനമുണ്ടായത്. അനുമതി ഇല്ലാത്ത സ്ഥലങ്ങളില്‍ നിന്നുപോലും മരം മുറിച്ചു. പട്ടയഭൂമിയിലെ മരങ്ങളുടെ പട്ടിക റവന്യു വകുപ്പ് ശേഖരിച്ച് വനം വകുപ്പിന് നല്‍കണം. അതേസമയം കാണാതായ മരങ്ങളില്‍ 90 ശതമാനവും കണ്ടെത്താനായി. അതില്‍ കൂടുതലും ഈട്ടിയാണ്. തേക്ക് തടികളില്‍ 20 ശതമാനം മാത്രമാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Story Highlights: wood robbery, forrest department, revenue department
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here