വെമ്പായത്ത് ആത്മഹത്യ ചെയ്ത പ്രിയങ്കയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജ്

വെമ്പായത്ത് ആത്മഹത്യ ചെയ്ത പ്രിയങ്കയുടെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മന്ത്രി വീണാ ജോർജിന്റെ ഉറപ്പ്. പരാതി പരിഹരിക്കാൻ നടപടി സ്വീകരിക്കും. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ട്വന്റിഫോറിന്റെ ‘ഒറ്റയ്ക്കല്ല ഒപ്പം’ എന്ന പ്രത്യേക തത്സമയ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ട്വന്റിഫോർ ‘ഒറ്റയ്ക്കല്ല ഒപ്പം’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്. ആരോഗ്യ, വനിതാ-ശിശുക്ഷേമ മന്ത്രി വീണാ ജോർജായിരുന്നു ഇന്നത്തെ അതിഥി. പരാതി പറയാൻ വിളിച്ചവരുടെ കൂട്ടത്തിൽ വെമ്പായത്തെ പ്രിയങ്കയുടെ അമ്മയും ഉണ്ടായിരുന്നു. തങ്ങളുടെ മകൾക്ക് നീതി ലഭിക്കുന്നില്ലെന്നും പണത്തിന്റെ സ്വാധീനത്താൽ കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നതായും പ്രിയങ്കയുടെ അമ്മ പറഞ്ഞു. മകൾക്ക് നേരിടേണ്ടി വന്ന കൊടിയ പീഡനത്തെക്കുറിച്ചും അമ്മ പറഞ്ഞു.
പ്രിയങ്കയെ ഭർത്താവ് ഉണ്ണിയും അമ്മയും ചേർന്നാണ് മർദിച്ചതെന്ന് കാണിച്ച് പരാതി നൽകിയിരുന്നുവെന്നും അമ്മ പറഞ്ഞു. മകളെ ഉപദ്രവിച്ചതിന്റെ തെളിവുകൾ നൽകിയിരുന്നു. മകളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പോലും ലഭിച്ചിട്ടില്ല. പൊലീസുകാർ ഒത്തുകളിക്കുകയാണ്. അത് തങ്ങൾക്ക് മനസിലായി. ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരാൻ പാടില്ല. തങ്ങൾക്ക് നീതി കിട്ടണമെന്നും പ്രിയങ്കയുടെ അമ്മ പറഞ്ഞു. പരാതി കേട്ട മന്ത്രി ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നീതി ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Story Highlights: Priyanka, Unni rajan p dev, Veena George
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here