ആളൂര്‍ പീഡനക്കേസ്; ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ ആരോപണം കെട്ടിച്ചമച്ചതെന്ന് ജോണ്‍സന്റെ സുഹൃത്തുക്കള്‍

തന്റെ സുഹൃത്തിനെ ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ ബലാത്സംഗം ചെയ്തുവെന്ന ഒളിമ്പ്യന്‍ മയൂഖ ജോണിയുടെ പരാതി കെട്ടിച്ചമച്ചതെന്ന് ആരോപണവിധേയനായ ജോണ്‍സന്റെ സുഹൃത്തുക്കള്‍. തൃശൂര്‍ മൂരിയാട് പ്രവര്‍ത്തിക്കുന്ന എംബര്‍ ഇമ്മാനുവല്‍ എന്ന പ്രസ്ഥാനം വിട്ട് ജോണ്‍സണ്‍ പുറത്ത് വന്നതിന്റെ പ്രതികാരമാണ് വ്യാജ പരാതിയെന്നും മയൂഖ ജോണി ഈ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും ഇവര്‍ ആരോപിച്ചു. ഏത് അന്വേഷണത്തിനും ജോണ്‍സണ്‍ തയാറാകുമെന്നും സുഹൃത്തുകള്‍ അറിയിച്ചു.
അതേസമയം ചുങ്കത്ത് ജോണ്‍സണ്‍ ഒളിവിലാണ്. പുറത്ത് വരുന്നവരെ നിരന്തരം ഉപദ്രവിക്കുകയാണ് സിയോന്‍ പ്രസ്ഥാനത്തിന്റെ രീതി. മയൂഖയേയും പരാതിക്കാരിയേയും ഇതിനായി ബലിയാടാക്കിയതാണെന്നും ജോണ്‍സന്റെ സുഹൃത്തുക്കള്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം പീഡനക്കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കാര്യത്തില്‍ തീരുമാനമായിരുന്നു. ഇതിനായി ഏഴു പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. സംഭവം വിവാദമായ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തെ രുപീകരിച്ചത്.
ഇതിനിടെയാണ് പീഡനക്കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന ആരോപണവുമായി കായിക താരം മയൂഖ ജോണി രംഗത്ത് വന്നത്. കൂട്ടുകാരി നല്‍കിയ പീഡന പരാതി അട്ടിമറിക്കാന്‍ പൊലീസും വനിതാ കമ്മീഷനും ശ്രമിച്ചെന്നാണ് ആരോപണം. 2016ലാണ് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശിനിയായ സുഹൃത്ത് പീഡനത്തിനിരയായത്. സുഹൃത്തിനെ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ കയറി പീഡിപ്പിക്കുകയായിരുന്നു.
Story Highlights: mayookha johny, rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here