കൊവിഡ് ഡെൽറ്റ വകഭേദ വ്യാപനം; വാക്‌സിനേഷൻ മാത്രം പോരെന്ന് ലോകാരോഗ്യ സംഘടന

കൊവിഡിന്റെ ഡെൽറ്റ വകഭേദം (B16172) അതിവേഗം പടർന്ന് പിടിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ ഇന്ത്യയിൽ ആണ് ഇതാദ്യമായി റിപ്പോർട്ട് ചെയ്തത്. മഹാമാരി പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ വാക്‌സിനേഷൻ കൊണ്ട് മാത്രം സംരക്ഷണം ഉറപ്പ് നൽകാൻ കഴിയില്ലെന്നും, കൃത്യമായി മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന.
രണ്ട് ഡോസ് വാക്‌സിൻ കൊണ്ട് മാത്രം ഒരാൾ പൂർണമായി സുരക്ഷിതൻ ആകുന്നില്ലെന്നും, തുടർന്നും തങ്ങളെ തന്നെ സംരക്ഷിക്കേണ്ടതുണ്ട്. വാക്‌സിൻ സ്വീകരച്ചിവർ ആണെങ്കിൽ പോലും കൃത്യമായ കൊവിഡ് നിബന്ധനകൾ പാലിക്കണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. തുടർച്ചയായി മാസ്ക് ഉപയോഗിക്കുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, വായു സഞ്ചാരമുള്ള സ്ഥലങ്ങളിൽ കഴിയുക, സാമൂഹിക അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ഇതെല്ലം പ്രത്യേകിച്ചും സമൂഹവ്യാപനം നടക്കുന്ന സാഹചര്യത്തിൽ തുടർന്ന് പോകേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ ഔഷധ, ആരോഗ്യ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മരിയാഞ്ജല സിമാവോ പറഞ്ഞു.
യൂറോപ്പിലാകെ വ്യാപിച്ച ആൽഫ വകഭേദത്തെക്കാൾ വ്യാപന ശേഷി കൂടിയതാണ് ഡെൽറ്റ വകഭേദമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഇത് വരെ 92 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദം വ്യാപിച്ചതായി ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗം തലവനായ മരിയ വാൻ കെർക്കോവ് പറഞ്ഞു.
ഡെൽറ്റ വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാൽ വാക്‌സിൻ എടുക്കാത്തെ ജനങ്ങൾക്കിടയിൽ അത് അതിവേഗം വ്യാപിക്കുകയാണെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഘെബ്രീസിസ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി അടുത്തിടെ നടത്തിയ പഠന പ്രകാരം, ഒരിക്കൽ കൊവിഡ് വന്നവർക്കും, പ്രതിരോധ ശേഷി ഉള്ളവർക്ക് പോലും ഡെൽറ്റ വകഭേദം വരാം. കൊറോണ വൈറസിന്റെ ഈ വകഭേദത്തിന് പ്രത്യേകതരം ജനിതകമാറ്റം സംഭവിക്കുന്നതാണെന്നും ഇത് ഈ വകഭേദം വ്യാപന ശേഷി കൂടിയതാണെന്നും മനുഷ്യരിലെ വൈറൽ ലോഡ് വർധിപ്പിക്കുന്നതും കൂട്ടമായി രോഗം പരത്തുന്നതും ആണെന്നും ഗവേഷകർ പറയുന്നു. രണ്ട് വ്യത്യസ്‌തയിനം വൈറസ് വകഭേദങ്ങളായ E4842, L452R എന്നിവയിൽ നിന്നുള്ള മ്യൂട്ടേഷൻ B.1617 ൽ ഉണ്ടെന്നും പഠനം പറയുന്നു.
ഇത് വരെ കണ്ടെത്തിയതിൽ വ്യാപനശേഷി ഏറ്റവും കൂടിയതാണ് ഡെൽറ്റാ വകഭേദമെന്നും കഴിഞ്ഞ രോഗബാധകളിൽ നിന്നും, വാക്‌സിനേഷനിൽ നിന്നും ഉള്ള സംരക്ഷണത്തെ ഇത് ദുർബലമാക്കുമെന്നും ഗവേഷകന്മാരിൽ ഒരാളായ ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here