ഫഹദിന്റെ ‘മാലിക്ക്’ ഈ മാസം 15 മുതൽ ആമസോൺ പ്രൈമിൽ

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്ക് ഈ മാസം 15 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ഫഹദ് തന്നെയാണ് തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ വിവരം പുറത്തുവിട്ടത്. നിമിഷ സജയനാണ് ഫഹദ് ഫാസിലിൻ്റെ നായികയായി അഭിനയിക്കുക.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്, പീരിയഡ് ഗണത്തിൽപ്പെടുന്നു. സുലൈമാൻ മാലിക് എന്ന തീരദേശ ജനതയുടെ നായകൻ്റെ കഥയാണ് മാലിക് പറയുന്നത്. 20 വയസുമുതൽ 55 വയസുവരെയുള്ള സുലൈമാന്റേയും അയാളുടെ തുറയുടെ ജീവിതവുമാണ് സിനിമ. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും അണിനിരക്കുന്നു. സാനു വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സംഗീതം സുഷിൻ ശ്യാം.
മെയ് 13ന് ചിത്രം തീയറ്ററുകളിൽ റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് ബാധയെ തുടർന്ന് ചിത്രം ഓടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു.
Story Highlights: Malik Streaming On Amazon Prime Video from July 15
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here