പുതിയ ഐടി നിയമഭേദഗതി; ഒരു മാസത്തിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 30 മില്ല്യണിലധികം ഉള്ളടക്കങ്ങൾ

മെയ് 15 മുതൽ ജൂൺ 15 വരെയുള്ള ഒരു മാസക്കാലയളവിനിടെ ഫേസ്ബുക്ക് നീക്കം ചെയ്തത് 30 മില്ല്യണിലധികം ഉള്ളടക്കങ്ങൾ. പുതിയ ഐടി നിയമഭേദഗതിയുടെ പശ്ചാത്തലത്തിലാണ് 10 വിവിധ നിയമലംഘനങ്ങളിൽ ഇത്രയധികം ഉള്ളടക്കങ്ങൾ ഫേസ്ബുക്ക് നീക്കം ചെയ്തത്. ഇക്കാലയളവിൽ ഇൻസ്റ്റഗ്രാം നീക്കം ചെയ്തത് 2 മില്ല്യൺ ഉള്ളടക്കങ്ങളാണ്.
2021 ഫെബ്രുവരിയിലാണ് കേന്ദ്ര ഐ.ടി മന്ത്രാലയം പുതിയ ഐടി നിയമം നടപ്പിലാക്കാൻ വാട്ട്‌സ് ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങൾക്ക് നിർദേശം നൽകിയത്.
ഇന്ത്യയുടെ പുതിയ ഐടി നിയമങ്ങളിൽ ഐക്യരാഷ്ട്രസഭ ഗുരുതര ആശങ്ക അറിയിച്ചിരുന്നു. ഐടി നിയമങ്ങൾ മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് കാണിച്ച് യുഎൻ കേന്ദ്രസർക്കാരിൽ നിന്ന് വിശദീകരണം തേടിയിരുന്നു. പുതിയ ഐടി നിയമങ്ങൾ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നതാണ് എന്ന് കാണിച്ചാണ് ഐറിൻ ഖാൻ, ക്ലെമന്റ് നയാലെറ്റ്‌സോസി വോൾ, ജോസഫ് കന്നാറ്റസി എന്നീ ഐക്യരാഷ്ട്രസഭയുടെ മൂന്ന് പ്രത്യേക റാപ്പോട്ടിയേഴ്സ് കേന്ദ്രസർക്കാരിന് കത്തയച്ചത്. സിവിൽ പൊളിറ്റിക്കൽ അവകാശങ്ങളുമായി ബന്ധപ്പെട്ടുള്ള ഉടമ്പടികളുടെ അനുച്ഛേദം 17,19 എന്നിവയ്ക്ക് വിരുദ്ധമാണ് ഇന്ത്യയുടെ ഐടി നിയമങ്ങളെന്ന് യുഎൻ ചൂണ്ടിക്കാട്ടി. 1979ൽ ഇന്ത്യ ഈ ഉടമ്പടിയെ അംഗീകരിച്ചിട്ടുണ്ടെന്നും കത്തിൽ യുഎൻ വ്യക്തമാക്കുന്നു.
വിമർശനത്തിന് ഇന്ത്യ മറുപ്ടിയും നൽകി. ഇന്ത്യയിലെ ജനാധിപത്യ മൂല്യങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അഭിപ്രായസ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്നുണ്ടെന്നും ഇന്ത്യ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. യുഎന്നിലെ ഇന്ത്യൻ മിഷനാണ് മറുപടി നൽകിയത്.
Story Highlights: Facebook Takes Down Over 30 Million Posts
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here