സർക്കാരിൻറെ ഓ.ടി.ടി. കേരളപ്പിറവിയിൽ

കെ.എസ്.എഫ്.ഡി.സി.യുടെ കീഴിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ഓ.ടി.ടി. പ്ലാറ്റ്ഫോം ഈ വർഷം അവസാനത്തോടെ സജ്ജമാകും. കേരളപ്പിറവി ദിനത്തിൽ സിനിമ റിലീസോടെ തുറക്കുക എന്നതാണ് ലക്ഷ്യം. രാജ്യത്ത് ആദ്യമായാണ് സർക്കാർ ഓ.ടി.ടി. പ്ലാറ്റ്ഫോം ഒരുക്കുന്നത്. ആറര കോടി രൂപയുടെ പദ്ധതിയാണിത്. പദ്ധതിയുടെ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായി കെ.എസ്.എഫ്.ഡി.സി. മാനേജിങ് ഡയറക്ടർ എൻ. മായ അറിയിച്ചു. സോഫ്റ്റ്വേറിനായി ഉടൻ ടെൻഡർ ക്ഷണിക്കുമെന്നും സൂചന.
മറ്റ് ഓ.ടി.ടി. പ്ലാറ്റ്ഫോമുകൾ പോലെ സിനിമകൾ വാങ്ങി പ്രദർശിപ്പിക്കുന്ന രീതിയിലാവില്ല സർക്കാർ ഓ.ടി.ടി.യുടേത്. ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത ശതമാനം നിർമാതാവിന് പങ്കുവെക്കും. ഒരു തുക നിശ്ചയിച്ച് സിനിമ വാങ്ങിയാൽ അതിൽ കൂടുതൽ വരവുണ്ടായില്ലെങ്കിൽ ഒ.ടി.ടി. ഉടമയ്ക്ക് നഷ്ടം വരും. കൂടുതൽ വരുമാനം ലഭിച്ചാൽ നിർമാതാവിന് അതിന്റെ പങ്ക് ലഭിക്കുകയുമില്ല. ഇതിന് പരിഹാരം കാണുന്നതാണ് സർക്കാർ ഒ.ടി.ടിയുടെ രീതി. തിയേറ്ററുകൾ കിട്ടാൻ ബുദ്ധിമുട്ടുന്ന ചിത്രാഞ്ജലി പാക്കേജ് ചിത്രങ്ങൾ, അവാർഡ് ലഭിച്ച ചിത്രങ്ങൾ എന്നിവയ്ക്കാണ് ഈ പ്ലാറ്റ്ഫോം പ്രതീക്ഷ നൽകുന്നത്. ലോക്ഡൗൺ മാറിക്കഴിഞ്ഞാൽ തിയേറ്ററിൽ പ്രദർശിപ്പിച്ചവയടക്കം മറ്റു ചിത്രങ്ങളും ഈ ഒ.ടി.ടി. പ്ലാറ്റ്ഫോം സ്വീകരിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here