Advertisement

ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു; സ്ഥിരീകരിച്ച് താരം

July 2, 2021
2 minutes Read
Toni Kroos retires career

റയൽ മാഡ്രിഡിൻ്റെ ജർമ്മൻ താരം ടോണി ക്രൂസ് രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിച്ചു. ക്രൂസ് തന്നെയാണ് തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ വിരമിക്കൽ പ്രഖ്യാപനം അറിയിച്ചത്. യൂറോ കപ്പ് പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് ജർമ്മനി പുറത്തായതിനു പിന്നാലെയാണ് പ്രഖ്യാപനം. കഴിഞ്ഞ ദിവസം താരം വിരമിക്കുമെന്ന് ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് ശരിവെക്കുന്നതാണ് ക്രൂസിൻ്റെ ട്വീറ്റ്.

ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുൻപ് തന്നെ വിരമിക്കൽ തീരുമാനം എടുത്തിരുന്നു എന്നാണ് ക്രൂസ് കുറിച്ചത്. “2022ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഞാൻ ഉണ്ടാവില്ലെന്നത് നേരത്തെ തീരുമാനിച്ചിരുന്നു. വികാരങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം ഞാൻ ഒരിക്കലും തീരുമാനങ്ങൾ എടുക്കുന്നില്ലെന്ന് എന്നെ അറിയുന്ന ആർക്കും അറിയാം. പ്രധാനമായി റയൽ മാഡ്രിഡിലുള്ള എൻ്റെ കളിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരമിക്കുന്നത്. ഒരു ഭർത്താവും പിതാവും എന്ന നിലയിൽ എൻ്റെ ഭാര്യക്കും മൂന്ന് മക്കൾക്കുമായി എനിക്ക് സമയം മാറ്റിവെക്കേണ്ടതുണ്ട്.’- ക്രൂസ് കൂട്ടിച്ചേർത്തു.

ജർമ്മൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ മികച്ച താരങ്ങളിൽ പെട്ട ക്രൂസ് ‘ദി സ്നൈപ്പർ’ എന്നാണ് അറിയപ്പെടുന്നത്. കളിക്കളത്തിൽ വളരെ നിശബ്ദനായി ചലനങ്ങൾ ഉണ്ടാക്കുന്ന താരമാണ് അദ്ദേഹം. ജർമ്മനിക്കായി 106 മത്സരങ്ങളിലാണ് 31കാരനായ താരം ബൂട്ടുകെട്ടിയിട്ടുളത്. ജർമ്മനിക്കൊപ്പം ലോകകപ്പ് കിരീടവും അദ്ദേഹം സ്വന്തമാക്കി. ബയേൺ മ്യൂണിക്കിലൂടെ കരിയർ തുടങ്ങിയ താരം 2014ൽ റയൽ മാഡ്രിഡിലെത്തി. ഇപ്പോൾ റയലിലെ ഏറെ പ്രധാനപ്പെട്ട താരമാണ് ക്രൂസ്.

Story Highlights: Toni Kroos retires from international career

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top