കോപ്പ അമേരിക്ക: അർജന്റീനയ്ക്ക് എതിരാളികളായി ഇക്വഡോർ

കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ അർജൻ്റീന നാളെ ഇറങ്ങും. ഇക്വഡോർ ആണ് എതിരാളികൾ. ഇന്ത്യൻ സമയം പുലർച്ചെ 6.30നാണ് മത്സരം. ബൊളീവിയയെ ഒന്നിനെതിരെ 4 ഗോളുകൾക്ക് തകർത്ത് അവസാന നാലിൽ എത്തിയ അർജൻ്റീന മികച്ച ഫോമിലാണ്. ടൂർണമെൻ്റിൽ ഇതുവരെ ഒരു ജയം പോലും നേടാൻ കഴിയാത്ത ടീം ആണ് ഇക്വഡോർ. അതുകൊണ്ട് തന്നെ അർജൻ്റീന മത്സരം അനായാസം വിജയിക്കാനാണ് സാധ്യത.
മികച്ച ഫോമിലുള്ള സൂപ്പർ താരം ലയണൽ മെസിയിൽ തന്നെയാണ് അർജൻ്റീനയുടെ പ്രതീക്ഷകൾ. പപ്പു ഗോമസ്, സെർജിയോ അഗ്യൂറോ തുടങ്ങിയ താരങ്ങളും ഫോമിലാണ്. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച അർജൻ്റീന ടൂർണമെൻ്റ് പുരോഗമിക്കും തോറും കരുത്തരായി മാറുന്നത് ആരാധകർക്ക് പ്രതീക്ഷയാണ്.
നാളെ നടക്കുന്ന മറ്റൊരു മത്സരത്തിൽ ഉറുഗ്വേ കൊളംബിയയെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 3.30നാണ് മത്സരം. ഈ മത്സര വിജയികളെ അർജൻ്റീന-ഇക്വഡോർ മത്സര വിജയികൾ സെമിഫൈനലിൽ നേരിടും.
Story Highlights: copa america argentina vs ecuador
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here