Advertisement

ദേവികുളത്ത് വന്‍തോതില്‍ അനധികൃത പാറഖനനം; കരാറുകാരന് എതിരെ നടപടി

July 3, 2021
1 minute Read

കൊച്ചി ധനുഷ്കോടി ദേശീയ പാതയിലെ ദേവികുളം ഗ്യാപ് റോഡിൽ വൻതോതിൽ അനധികൃത പാറ ഖനനം നടന്നതായി ജിയോളജി വകുപ്പിന്റെ റിപ്പോർട്ട്. റോഡ് നവീകരണത്തിന്റെ മറവിൽ രണ്ടര ലക്ഷം ക്യൂബിക് മീറ്റർ കരിങ്കല്ലാണ് പൊട്ടിച്ച് കടത്തിയതയാണ് കണ്ടെത്തൽ. കരാറുകാരിൽ നിന്ന് നാലര കോടി രൂപ പിഴ ഈടാക്കണമെന്നാണ് ജിയോളജി വകുപ്പ് പറയുന്നത്.

ദേശീയ പാത 85ൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ വീതികൂട്ടുന്നതിന്റെ ഭാഗമായി ഏഴര മീറ്റർ ദൂരം പാറപൊട്ടിക്കാനായിരുന്നു അനുമതി. എന്നാൽ കരാറുകാർ അനുമതി ലഭിച്ചതിന്റെ പതിന്മടങ്ങ് പാറപൊട്ടിച്ചെന്നാണ് ജിയോളജി ആൻഡ് മൈനിങ് വകുപ്പിന്റെ റിപ്പോർട്ട്.
ദേവികുളം താലൂക്ക് പരിധിയിൽ 93000 ക്യുബിക് മീറ്റർ പാറയും ഉടുമ്പൻചോല താലൂക്ക് പരിധിയിൽ 1.58 ലക്ഷം ക്യുബിക് മീറ്റർ പാറയും ഖനനം ചെയ്തതായി റവന്യു വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.

രണ്ടര ലക്ഷം ക്യൂബിക് മീറ്റർ കരിങ്കൽ കടത്തിയെന്നാണ് ജിയോളജി വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. റവന്യൂ, ജിയോളജി വകുപ്പുകളുടെ റിപ്പോർട്ട് ദേവികുളം സബ് കളക്ടർ പ്രേം കൃഷ്ണൻ ജില്ലാ കളക്ടർക്ക് കൈമാറി. സ്ഥലത്ത് ഉന്നതതല സംഘത്തിന്റെ പരിശോധനയും സബ് കളക്ടർ ശുപാർശ ചെയ്തിട്ടുണ്ട്. അഹമ്മദാബാദ് ആസ്ഥാനമായ ദിനേശ് ചന്ദ്ര ആർ അഗ്രവാൾ ഇൻഫ്രാകോൺ പ്രൈവറ്റ് ലിമിറ്റഡാണ് കരാർ കമ്പനി. കൊച്ചി ആസ്ഥാനമായ ഗ്രീൻ വർത്ത് ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കാണ് ഉപ കരാർ നൽകിയിരിക്കുന്നത്. കഴിഞ്ഞ വർഷം പാറ ഖനനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ പാതയുടെ താഴ്വാരത്തെ ഹെക്ടർ കണക്കിന് കൃഷിയിടം നശിച്ചിരുന്നു.

2017 ഓഗസ്റ്റിലാണ് 42 കിലോമീറ്റർ നീളമുള്ള റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 381 കോടി രൂപ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് ഇതിനായി അനുവദിച്ചു. രണ്ടു വർഷത്തിനുള്ളിൽ പണികൾ പൂർത്തീകരിക്കാനായിരുന്നു നീക്കം. എന്നാൽ ഇപ്പോഴും പണി പൂർത്തിയായിട്ടില്ല. റോഡ് നിർമാണമല്ല പകരം, പാറഖനനം മാത്രമാണ് നടക്കുന്നതെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.

Story Highlights: devikulam, quarry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top