Advertisement

പാചകവാതക-ഇന്ധന വിലവര്‍ധന; യുഡിഎഫിന്റെ കുടുംബ സത്യഗ്രഹം 10ന്

July 4, 2021
Google News 1 minute Read

പെട്രോള്‍, ഡീസല്‍, പാചകവാതക വില വിലവര്‍ധനവിനെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കും. ജൂലൈ 10ന് വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്താന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും, കണ്‍വീനര്‍ എം.എം ഹസ്സനും അറിയിച്ചു. “കേന്ദ്രസര്‍ക്കാരിന്റെ നികുതിക്കൊള്ള അവസാനിപ്പിക്കുക” എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കി.

പാചകവാതകത്തിന് ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.

പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ വില ഇപ്പോള്‍ 100 രൂപ കടന്നിരിക്കുന്നു. ഈ വര്‍ഷം 6 മാസത്തിനിടെ ഇതുവരെ 55 തവണയാണ് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിപ്പിച്ചത്. 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകാലത്ത് 2 മാസം വില കൂട്ടിയില്ല. കഴിഞ്ഞ 6 വര്‍ഷത്തിനുള്ളില്‍, കേന്ദ്രസര്‍ക്കാര്‍ 300 ശതമാനം നികുതിയാണ് വര്‍ദ്ധിപ്പിച്ചത്. ഇപ്പോള്‍ പെട്രോളിന്‍റെ ഉത്പന്നവില 44.39 രൂപയാണ്. ബാക്കി 55.61 രൂപയും കേന്ദ്ര-സംസ്ഥാന നികുതികളും, സെസുമാണ്.

ലോക്ക്ഡൗൺ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍, ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല സര്‍ക്കാരുകള്‍ക്കുള്ളതാണ്. ഈ സാഹചര്യത്തില്‍ നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര ഗവണ്മെന്‍റ് തയ്യാറാകുന്നില്ലെങ്കില്‍ അതിനെതിരെ നിരന്തരമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ്സും, യു.ഡി.എഫും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here