Advertisement

ജനതയുടെ പ്രശ്നങ്ങളാണ് തന്റെ മതമെന്ന് പ്രഖ്യാപിച്ച പുരോഹിതൻ; ഫാദർ സ്റ്റാൻ സ്വാമി

July 5, 2021
0 minutes Read

ജാർഖണ്ഡിലെ ദളിതരുടെയും ആദിവാസികളുടെയും അവകാശ പോരാട്ടങ്ങളിലെ ഭയരഹിതമായ മുഖമായിരുന്നു സ്റ്റാൻ സ്വാമി. 1996ല്‍ യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനിക്കെതിരെ ജാര്‍ഖണ്ഡിലെ ആദിവാസികള്‍ നടത്തിയ സമരത്തിന്റെ നേതൃനിരയില്‍ അദ്ദേഹമുണ്ടായിരുന്നു. കുടിയൊഴിപ്പിക്കലിനെതിരായി നടന്ന ഈ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് ആദിവാസികളുടെ ആശ്രയ ഭൂമി അന്ന് സംരക്ഷിക്കപ്പെട്ടു.

സമരങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയുമാണ് ചൈബാസ് ഡാമിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം അന്ന് നിര്‍ത്തിവെക്കുന്നത്. ഈ ഡാമിന്റെ നിർമ്മിതി തടസ്സപ്പെടുത്തിയേക്കാമായിരുന്ന കാടിന്റെ മക്കളുടെ പാരമ്പരാഗത ജീവിത പരിസരങ്ങൾക്ക് അങ്ങനെ ഫാദർ കാവൽ നിൽക്കുകയായിരുന്നു എന്ന് പറയാം. പൊലീസ് അതിക്രമത്തിനെതിരെയും, ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ നടപ്പിലാക്കുന്നതിനെതിരെയും നിലക്കാത്ത ശബ്ദമായിരുന്നു അദ്ദേഹം.

ആദിവാസി ജനവിഭാഗങ്ങള്‍ കൂടുതലായുള്ള ഒമ്പത് സംസ്ഥാനങ്ങളിലും പ്രത്യേക ഗോത്ര പഞ്ചായത്തുകള്‍ നടപ്പിലാക്കാത്തതിനെതിരെയും സജീവമായി സ്റ്റാൻ സ്വാമി രംഗത്തെത്തിയിരുന്നു. ആദിവാസികള്‍ക്ക് സ്വയംഭരണാവകാശം നല്‍കുന്ന നിയമത്തിനോട് മുഖം തിരിഞ്ഞ് നില്‍ക്കുകയാണ് സര്‍ക്കാരെന്ന വിമര്‍ശനം അദ്ദേഹം പലയിടത്തും ഉയര്‍ത്തിയിരുന്നു.

2017ല്‍ പ്രത്യേക പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ നിയമം(പെസ) നടപ്പിലാക്കാന്‍ ജാര്‍ഖണ്ഡിലെ ആദിവാസി വിഭാഗത്തെ അണിനിരത്തി സമരത്തിനും അദ്ദേഹം നേതൃത്വം നല്‍കി. ഇതിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ അദ്ദേഹത്തിനും കൂട്ടാളികള്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച അധികാരത്തിലെത്തിയതിനു ശേഷം ഈ കേസുകള്‍ പിന്‍വലിക്കുകയായിരുന്നു.

2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവ് യുദ്ധ അനുസ്മരണ പരിപാടിയിലേക്ക് ഒരുകൂട്ടം ആളുകൾ അതിക്രമിച്ചെത്തുകയും വലിയ ഏറ്റുമുട്ടല്‍ നടക്കുകയും, അതുവഴി ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് കണ്ടെത്തുകയും ചെയ്തു.

തുടർന്ന് ഒട്ടേറെ സാമൂഹ്യ പ്രവർത്തകരെ സംഭവുമായി കൂട്ടിക്കെട്ടി ജയിലിൽ അടയ്ക്കപ്പെട്ടു. ആ പട്ടികയിലെ ഒടുവിലത്തെ ഇരയാണ് ഫാദർ സ്റ്റാൻ സ്വാമി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top