കസ്റ്റംസ് തന്നെ നഗ്നനാക്കി മർദിച്ചു : അർജുൻ ആയങ്കി

കസ്റ്റംസ് തന്നെ മർദിച്ചെന്ന് അർജുൻ ആയങ്കി കോടതിയിൽ. രണ്ടാം ദിവസമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ നഗ്നനാക്കി മർദിച്ചതെന്ന് അർജുൻ ആയങ്കി കോടതിയിൽ മൊഴി നൽകി.
സിസിടിവി ഉണ്ടായിരുന്നില്ലേ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ കസ്റ്റംസ് സൂപ്രണ്ടിന്റെ മുറിയിൽ വച്ചാണ് മർദിച്ചതെന്ന് അർജുൻ മൊഴി നൽകി. പരാതി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.
ഏഴ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്ന് അർജുൻ ആയങ്കിയെ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിൽ ഹാജരാക്കിയപ്പോഴാണ് അർജുൻ തനിക്കേറ്റ മർദനത്തിന്റെ കാര്യം കോടതിയിൽ പറഞ്ഞത്.
അതേസമയം, അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം. സമൂഹ മാധ്യമങ്ങൾ വഴി രാഷ്ട്രീയ പാർട്ടികളുടെ അനുഭാവികൾ ആയി സ്വയം പ്രഖ്യാപിച്ച് യുവാക്കളെ ആകർഷിക്കുന്നതാണ് പ്രതികളുടെ രീതിയെന്ന് കസ്റ്റഡി റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നു. പിന്നീട് ഈ യുവാക്കളെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Story Highlights: customs, arjun ayanki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here