ഒരു തീരവും അതിന്റെ നായകനായി സുലൈമാൻ മാലിക്കും; ആവേശമുയർത്തി മാലിക് ട്രെയിലർ

ഫഹദ് ഫാസിൽ നായകനായി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാലിക്കിൻ്റെ ട്രെയിലർ പുറത്ത്. ആമസോൺ പ്രൈം വിഡിയോ ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ റിലീസായിരിക്കുന്നത്. ഈ മാസം 15 മുതൽ ആമസോൺ പ്രൈമിലൂടെ ചിത്രം സ്ട്രീം ചെയ്യും.
ഒരു കടലോര പ്രദേശവും അവിടെയുള്ള ആളുകളുടെ ജീവിതവുമാണ് സിനിമ സംസാരിക്കുന്നത്. തീരനായകനായ സുലൈമാൻ മാലിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഫഹദ് ഒരിക്കൽ കൂടി അസാമാന്യ പ്രകടനം കാഴ്ചവച്ചിട്ടുണ്ടെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്. സിസ്റ്റവും ജനതയും തമ്മിലുള്ള ഏറ്റുമുട്ടലിൻ്റെ ചോര മണക്കുന്ന കഥയാണ് മാലിക്ക്. കൗമാരം മുതൽ വാർധക്യം വരെയുള്ള സുലൈമാൻ മാലിക്കിൻ്റെ ജീവിതം വിവിധ ഗെറ്റപ്പുകളിലൂടെ ഫഹദ് അവിസ്മരണീയമാക്കിയിരിക്കുന്നു എന്നും ട്രെയിലറിൽ സൂചനയുണ്ട്.
നിമിഷ സജയനാണ് ഫഹദ് ഫാസിലിൻ്റെ നായികയായി അഭിനയിക്കുക. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് നിർമ്മിക്കുന്ന ചിത്രത്തിൽ ജോജു ജോർജ്ജ്, ദിലീഷ് പോത്തൻ, വിനയ് ഫോർട്ട്, ചന്ദു നാഥ് എന്നിവരും അണിനിരക്കുന്നു. സാനു വർഗീസ് ആണ് ക്യാമറ കൈകാര്യം ചെയ്യുക. സംഗീതം സുഷിൻ ശ്യാം.
ടേക്ക് ഓഫിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്, പീരിയഡ് ഗണത്തിൽപ്പെടുന്നു. ഫഹദിന്റെ കരിയറിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ് മാലിക്. 27 കോടിയോളം മുതൽ മുടക്കുള്ള ചിത്രത്തിന് വേണ്ടി ഫഹദ് 20 കിലോയോളം ഭാരം കുറച്ചിരുന്നു. മെയ് 13ന് ചിത്രം തീയറ്ററുകളിൽ റീലീസ് ചെയ്യാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ, സംസ്ഥാനത്തെ കൊവിഡ് ബാധയെ തുടർന്ന് ചിത്രം ഓടിടി റിലീസിലേക്ക് മാറ്റുകയായിരുന്നു.
Story Highlights: malik trailer released in youtube
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here