പുലിമുട്ട് നിർമ്മാണം; 89 കോടി രൂപ അനുവധിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ

ആലപ്പുഴയിലെ കടല്‍ ക്ഷോഭം ചെറുക്കാന്‍ നാലിടത്ത് പുലിമുട്ട് നിര്‍മ്മിക്കുന്നതിന് കിഫ്ബി വഴി 89 കോടി രൂപയ്ക്ക് ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍. ചെര്‍പ്പുളശേരി മുനിസിപ്പാലിറ്റിയിലും സമീപ പ്രദേശങ്ങളിലും ശുദ്ധജല പദ്ധതി നടപ്പിലാക്കുന്നതിന് 10 കോടി രൂപയും അനുവധിച്ചു.
ചേര്‍ത്തല ഒറ്റമശ്ശേരിയിലും, കാട്ടൂര്‍ പൊള്ളേത്തൈയിലെ അറയ്ക്കല്‍ പൊഴിക്കും വാഴക്കൂട്ടം പൊഴിക്കും ഇടയിലും അമ്പലപ്പുഴ മണ്ഡലത്തിലെ കാക്കാഴം വളഞ്ഞവഴിയിലും ഹരിപ്പാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട വട്ടച്ചാലിലെ നെല്ലിക്കലും പുലിമുട്ട് നിര്‍മിക്കാനാണ് മന്ത്രി ഭരണാനുമതി നല്‍കിയത്. 16.28 കോടി, 19.27 കോടി, 43 കോടിയും 9.55 കോടി രൂപാ വീതമാണ് നാലിടങ്ങളിലായി എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
തീരമേഖലയില്‍ പുതിയ പുലിമുട്ടുകള്‍ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതല്‍ മണല്‍ അടിഞ്ഞ് തീരം വികസിക്കാനും സാധിച്ചേക്കുമെന്നും മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here