പഞ്ചസാര കുറച്ചാൽ ഭാരം മാത്രമല്ല കുറയുക; മറ്റ് ഗുണങ്ങളെ കുറിച്ച് അറിയാം

നമ്മളിൽ പലരും നമ്മുടെ ശരീരത്തിന് ആവശ്യമുള്ളതിലുമധികം പഞ്ചസാര കഴിക്കുന്നവരാണ്. മധുരത്തിനോടുള്ള അമിതാസക്തിയാണ് പലരെയും അമിത വണ്ണം, പ്രമേഹം തുടങ്ങിയ പല പ്രശ്നങ്ങളിലേക്കും നയിക്കുന്നത്. ഈ ആസക്തി കുറയ്ക്കാനുള്ള വഴിയാണ് ഡീറ്റോക്സ് രീതി. ഘട്ടം ഘട്ടമായി പഞ്ചസാരയുടെ അളവ് കുറച്ച് കൊണ്ട് വരുന്ന പ്രക്രിയയാണിത്.
പഞ്ചസാരയെ ശരീരത്തിൽ നിന്ന് പാടെ ഒഴിവാക്കുന്ന രീതിയല്ല ഷുഗർ ഡീറ്റോക്‌സ്. മറിച്ച് മധുരത്തിനോടുള്ള അമിതാസക്തി കുറയ്ക്കുന്ന മധുര നിയന്ത്രണ പരിപാടിയാണിത്. ആഴ്ചകളോ, ഒന്നോ രണ്ടുമാസമോ നിലനിക്കുന്ന ഒരു പരിപാടിയാണിത്. ശരീരത്തിൽ നിന്ന് അമിതമായുള്ള പഞ്ചസാരയുടെ അളവ് നീക്കുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബിസ്‌ക്കറ്റുകൾ, കേക്ക്, ബ്രഡ്, തേങ്ങാപ്പാൽ, സോയ മിൽക്ക്, ബദാം മിൽക്ക് പോലെയുള്ള സസ്യ അധിഷ്ഠിത പല്ലുകൾ, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവയിലൂടെയാണ് പലപ്പോഴും ആവശ്യമുള്ളത്തിലും അധികമായ തോതിൽ പഞ്ചസാര നമ്മുടെ ശരീരത്തിൽ എത്തുന്നത്. എന്നാൽ, പച്ചക്കറികളിലും, ധാന്യങ്ങളിലും പാലുത്‌പന്നങ്ങളിലുമുള്ള പഞ്ചസാര പ്രശ്നമുള്ളതല്ല.
എങ്ങനെ വേണം പഞ്ചസാര നിയന്ത്രിക്കാൻ
ഇതിന് വ്യക്തമായ രീതികളൊന്നുമില്ല. ഡെസേർട്ടുകൾ, മധുർ പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണ വിഭവങ്ങൾ, കെച്ചപ്പ് തുടങ്ങിയവ ഒഴിവാക്കണം. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും ഇത്തരത്തിൽ മധുര നിയന്ത്രണം തുടരണം. ദീർഘകാലത്തേക്ക് നമ്മുക്ക് പഞ്ചസാരയുമായുള്ള ബന്ധം ഒന്ന് പുനർനിർണയിക്കുകയാണ് ഷുഗർ ഡീടോക്‌സിലൂടെ ചെയ്യാൻ ശ്രമിക്കുന്നത്. നിയന്ത്രണം കഴിഞ്ഞാൽ ചെറിയ അളവിൽ പഞ്ചസാര ഭക്ഷണക്രമത്തിലേക്ക് തിരികെ കൊണ്ട് വരാം.
നിയന്ത്രണത്തിൻറെ ഗുണങ്ങൾ
പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ ശരീരത്തിൽ എത്തുന്ന കാലറിയുടെ അളവ് കുറയുകയും തന്മൂലം ഭാരം കുറയാൻ തുടങ്ങുകയും ചെയ്യും. പഞ്ചസാരയുടെ അമിതമായ ആസക്തി മാറും. ഹൃദ്രോഗം പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും പഞ്ചസാര നിയന്ത്രണം കുറയ്ക്കും. വായ്നാറ്റം, പല്ലിലെ പോട്, നിറംമാറ്റം എന്നിവ കുറച്ച് കൊണ്ട് വായയുടെ ആരോഗ്യവും പഞ്ചസാര നിയന്ത്രണം മെച്ചപ്പെടുത്തും.
മദ്യപാനവും പുകവലിയുമൊക്കെ നിർത്തുമ്പോൾ സംഭവിക്കുന്നത് പോലെ ചില വിത്‌ഡ്രോവൽ ലക്ഷണങ്ങളും ഷുഗർ ഡീടോക്സിനുണ്ടാകാം. ഡോപ്പമിനും ഒപ്പിയോയിഡും ഉള്ള പഞ്ചസാര അത് കഴിക്കുന്നവര്‍ക്ക് ലഹരി പോലെ ഒരു ആസക്തി സൃഷ്ടിക്കും. ഇത് ഇല്ലാതാക്കുന്നതോടെ അധികമായ ഒപ്പിയോയ്ഡുകള്‍ക്കും ഡോപ്പമിനുകള്‍ക്കുമായി തലച്ചോര്‍ ആര്‍ത്തി കാണിക്കും. തലകറക്കം, തലവേദന, അസ്വസ്ഥത, ദേഷ്യം തുടങ്ങിയവയെല്ലാം ഈ വിത്‌ഡ്രോവൽ ലക്ഷണങ്ങളുടെ ഭാഗമായി വരാം. ദവസങ്ങളോ ആഴ്ചകളോ ഈ ലക്ഷണങ്ങൾ നീണ്ട് നിൽക്കാം. അവയെ നേരിടാൻ ഇനി പറയുന്ന കാര്യങ്ങൾ ചെയ്യാം.
- പഞ്ചസാര നിയന്ത്രണം ഉടനടി നടപ്പാക്കാതെ സാവധാനത്തിൽ ശരീരം അതിനായി അടപ്പാകുമ്പോൾ തയാറാക്കണം.
- കൂടുതൽ പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഭക്ഷണത്തോടുള്ള ആസക്തി കുറയ്ക്കും.
- പ്രോട്ടീനും കോംപ്ലക്‌സ് കാര്‍ബോഹൈഡ്രേറ്റും ഫൈബറും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ പ്രഭാതഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര നില സന്തുലിതമാക്കുകയും പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കുകയും വേണം.
- ബെറി പഴങ്ങൾ, വാഴപ്പഴം, തണ്ണിമത്തൻ എന്നിവ മധുരം കഴിക്കാനുള്ള ആവേശത്തെ തൃപ്തിപ്പെടുത്തുകയും ആരോഗ്യപ്രദവുമാണ്.
- മധുര പാനീയങ്ങളായ കോള, സോഡാ തുടങ്ങിയവയ്ക്ക് പകരം ശുദ്ധമായ പഴച്ചാറുകളാകാം.
- ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ നട്സുകള്‍, മീന്‍ തുടങ്ങിയവ പഞ്ചസാരയോടുള്ള ആസക്തി കുറയ്ക്കാന്‍ സഹായിക്കും. നട്ട് ബട്ടറും അവോക്കാഡയുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പടുത്താം.
- നിർജലീകരണം പഞ്ചസാരയോടുള്ള ആസക്തി വർധിപ്പിക്കുമെന്നതിനാൽ ഇടയ്ക്കിടെ ശരീരത്തിൽ ജലാംശം നിലനിർത്തണം. മൂന്ന് നാല് ലിറ്റർ വെള്ളം ദിവസവും കുടിക്കുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here