താരക്കൈമാറ്റ വിപണിയിൽ പണമെറിഞ്ഞ് എടികെ; റെക്കോർഡ് തുകയ്ക്ക് ഹ്യൂഗോ ബോമൗസിനെ റാഞ്ചി

താരക്കൈമാറ്റ വിപണിയിൽ വീണ്ടും പണക്കിലുക്കവുമായി എടികെ മോഹൻബഗാൻ. കഴിഞ്ഞ സീസണിൽ മുംബൈ സിറ്റി എഫ്സിയുടെ സീസൺ ഡബിളിൽ നിർണായക പങ്കുവഹിച്ച ഫ്രഞ്ച് മധ്യനിര താരം ഹ്യൂഗോ ബോമൗസിനെ റെക്കോർഡ് തുകയ്ക്ക് ക്ലബിലെത്തിച്ചാണ് എടികെ വീണ്ടും ഐഎസ്എലിൽ പണം വാരിയെറിഞ്ഞത്.
ബോമൗസ് എടികെയുമായി അഞ്ച് വർഷത്തെ കരാറിലാണ് ഒപ്പിട്ടിരിക്കുന്നത്. മുംബൈ സിറ്റി എഫ്സിയുടെയും എടികെ മോഹൻബഗാൻ്റെയും ട്വിറ്റർ ഹാൻഡിലുകൾ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടി 15 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകളും 7 അസിസ്റ്റും നേടിയിരുന്നു. 2019-20 സീസണിൽ എഫ് സി ഗോവയ്ക്ക് വേണ്ടി ഐഎസ്എലിൽ അരങ്ങേറിയ താരം പതിനൊന്ന് ഗോളുകളും 10 അസിസ്റ്റും നേടി. സീസണിൽ ഗോവയ്ക്ക് ലീഗ് ഷീൽഡ് നേടിക്കൊടുക്കാനും താരത്തിനായിരുന്നു. ഐഎസ്എല്ലിൽ ആകെ 57 മത്സരങ്ങൾ കളിച്ച ഹ്യൂഗോ 19 ഗോളുകളും 24 അസിസ്റ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.
ഹൈദരാബാദ് എഫ്സിക്കായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്തിയ ലിസ്റ്റൺ കൊളാസോ, കഴിഞ്ഞ സീസണിലെ മുംബൈ സിറ്റി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന യൂറോ കപ്പിൽ ഫിൻലൻഡിനായി കളിച്ച ജോണി കൗകോ തുടങ്ങിയ താരങ്ങളെയൊക്കെ ഉയർന്ന തുകമുടക്കി എടികെ ടീമിലെത്തിച്ചിരുന്നു.
Story Highlights: ATK Mohun Bagan Sign Hugo Boumous
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here