കറുകപുത്തൂര്‍ ലൈംഗിക പീഡന പരാതി; കേസെടുത്ത് പൊലീസ്

പട്ടാമ്പി കറുകപുത്തൂരില്‍ പെണ്‍കുട്ടിയെ ലഹരിക്കടിമയാക്കി ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്തു.ചാലിശ്ശേരി സിഐക്കാണ് അന്വേഷണചുമതല. തന്റെ സൗഹൃദത്തിലുളള രണ്ട് പെണ്‍കുട്ടികള്‍ കൂടി റാക്കറ്റിന്റെ വലയിലകപ്പെട്ടതായി സംശയിക്കുന്നതായി ഇരയാക്കപ്പെട്ട പെണ്‍കുട്ടി മൊഴിയെടുപ്പിനിടെ അന്വേഷണ സംഘത്തോട് പറഞ്ഞു. നിരന്തരമായ ഭീഷണികളെ തുടര്‍ന്നാണ് സമ്മര്‍ദം സഹിക്കാനാകാതെ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് തുടങ്ങിയതെന്നും പെണ്‍കുട്ടി പറഞ്ഞു.
പെണ്‍കുട്ടിയെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചെന്ന് അമ്മ പരാതി നല്‍കിയിരുന്നു. മേഴത്തൂര്‍ സ്വദേശി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി. പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയിരുന്നു. ഹോട്ടലുകളില്‍ മറ്റ് ചെറുപ്പക്കാര്‍ക്കൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങള്‍ കുടുംബത്തിന് ലഭിച്ചിരുന്നു. മറ്റ് യുവാക്കളും പെണ്‍കുട്ടിയെ ശാരീരികമായി ഉപയോഗിച്ചതായി സംശയിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നുണ്ട്. രണ്ട് തവണ പല ഹോട്ടലുകളില്‍ നിന്നുമായി യുവാവിനൊപ്പം പെണ്‍കുട്ടിയെ പൊലീസ് പിടികൂടിയിരുന്നു.
അതേസമയം ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും ഉണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തി. ലഹരി സംഘത്തിന്റെ വലയില്‍ പല പെണ്‍കുട്ടികളും അകപ്പെട്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി 24നോട് പറഞ്ഞു. വിവാഹ വാഗ്ദാനം നല്‍കിയാണ് യുവാവ് ലഹരി വസ്തുക്കള്‍ക്ക് തന്നെ അടിമയാക്കിയത്.
Story Highlights: palakkad, drug mafia, rape
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here