ധോണി വിരമിച്ചാൽ ഞാനും ഐപിഎലിൽ നിന്ന് വിരമിക്കും; സുരേഷ് റെയ്ന

ധോണി ഐപിഎലിൽ നിന്ന് വിരമിച്ചാൽ താനും വിരമിക്കുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് താരം സുരേഷ് റെയ്ന. അടുത്ത സീസൺ ഐപിഎൽ ധോണി കളിച്ചില്ലെങ്കിൽ താനും കളിക്കില്ലെന്നും ചെന്നൈക്കല്ലാതെ മറ്റൊരു ടീമിനു വേണ്ടിയും താൻ പാഡണിയില്ലെന്നും റെയ്ന വ്യക്തമാക്കി. ന്യൂസ് 24 സ്പോർട്സിനോടാണ് റെയ്നയുടെ പ്രതികരണം.
“എന്നിൽ നാല് വർഷത്തെ ക്രിക്കറ്റ് കൂടി അവശേഷിക്കുന്നുണ്ട്. അടുത്ത വർഷം രണ്ട് ടീമുകൾ കൂടി വരികയാണ്. പക്ഷേ, ഞാൻ കളിക്കുന്നിടത്തോളം ചെന്നൈക്ക് വേണ്ടി മാത്രമേ കളിക്കൂ. ഇക്കൊല്ലം നല്ല പ്രകടനം നടത്താമെന്ന് കരുതുന്നു. ധോണി അടുത്ത സീസൺ കളിക്കില്ലെങ്കിൽ ഞാനും കളിക്കില്ല. ഞങ്ങൾ 2008 മുതൽ ഒരുമിച്ച് കളിക്കുകയാണ്. ഇക്കൊല്ലം ഞങ്ങൾ കിരീടം നേടിയാൽ അടുത്ത വർഷം കൂടി കളിക്കാൻ ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെടും. അദ്ദേഹം കളിക്കില്ലെങ്കിൽ ഞാനും കളിക്കില്ല.”- റെയ്ന പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിലും ധോണിയുടെ പാത പിന്തുടർന്നാണ് റെയ്ന വിരമിച്ചത്. ധോണി വിരമിക്കൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് റെയ്നയും പാഡഴിച്ചത്.
അതേസമയം, ധോണിക്ക് തങ്ങൾക്കൊപ്പം ഒന്നോ രണ്ടോ വർഷങ്ങൾ കൂടി തുടരാനാവുമെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് സിഇഓ കാശി വിശ്വനാഥൻ പറഞ്ഞിരുന്നു. ധോണി പൂർണമായും മാച്ച് ഫിറ്റാണെന്നും ചെനൈ സൂപ്പർ കിംഗ്സിനു വേണ്ടി അദ്ദേഹം നടത്തുന്ന പ്രകടനങ്ങളിൽ തങ്ങൾ തൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു.
സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും ഐപിഎൽ രണ്ടാം പാദ മത്സരങ്ങൾ നടക്കുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
Story Highlights: If MS Dhoni doesn’t play IPL next season, I too won’t play: Suresh Raina
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here