ഒരാഴ്ചക്കുള്ളിൽ 34 മില്ല്യൺ കളിക്കാർ; ഗംഭീര തുടക്കവുമായി ഇന്ത്യൻ പബ്ജി

ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജിയുടെ ഇന്ത്യൻ പതിപ്പിന് ഗംഭീര തുടക്കം. ഇന്ത്യയിൽ അവതരിപ്പിച്ച് ഒരാഴ്ച പിന്നിടുമ്പോഴേക്കും 34 മില്ല്യൺ കളിക്കാരാണ് ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ എന്ന ഇന്ത്യൻ പബ്ജി ഇൻസ്റ്റാൾ ചെയ്തത്. ഇതിൽ 16 മില്ല്യൺ ആളുകൾ ഗെയിമിൻ്റെ സജീവ ഉപഭോക്താക്കളാണ്. ഗൂഗിൾ പ്ലേ സ്റ്റോറിലെ സൗജന്യ ഗെയിമുകളിൽ ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഇന്ത്യ ഒന്നാമതാണ്. ചുരുങ്ങിയ സമയം കൊണ്ട് ഗെയിമിനെ ഇത്ര വലിയ നേട്ടത്തിലെത്തിച്ച ഉപഭോക്താക്കൾക്ക് കമ്പനി നന്ദി അറിയിച്ചു.
വ്യക്തിഗത സുരക്ഷ ചൂണ്ടിക്കാട്ടി കേന്ദ്രം നിരോധിച്ചതിനു പിന്നാലെ ഇന്ത്യയിൽ തിരികെയെത്താനുള്ള ശ്രമം പബ്ജി ആരംഭിച്ചിരുന്നു. ഇതിനായാണ് പബ്ജി ഇന്ത്യൻ പതിപ്പ് ഇവർ പുറത്തിറക്കിയത്. ഇത് ഇന്ത്യൻ മാർക്കറ്റിനുവേണ്ടി പ്രത്യേകമായി തയാറാക്കിയതാണ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു. ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് ഇത്.
ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസന്റ് ഗെയിംസിന്റെ ചൈനയിലെ സെർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് പബ്ജിയുടെ ഇന്ത്യയിലെ നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെന്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.
Story Highlights: Battlegrounds Mobile India Crossed 34 Million Players in 1 Week
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here