പരിശുദ്ധ ബാവയുടെ വിടവാങ്ങല്‍; അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍

ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്റെ വിടവാങ്ങലില്‍ അനുശോചനം അറിയിച്ച് സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍. സാധാരണക്കാരില്‍ ഒരാളായി അവരോടൊപ്പം ജീവിച്ച് വ്യക്തിയാണ് പരിശുദ്ധ ബാവയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. സഭയിലും സമൂഹത്തിലും സമാധാനം പുലര്‍ത്താന്‍ നിലകൊണ്ട വ്യക്തിയാണ് അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗലോസ് ദ്വിതീയന്‍ ബാവയുടെ നിര്യാണം കേരളത്തിന് ഒന്നാകെ തീരാനഷ്ടമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. നഷ്ടമായത് വിശ്വാസികള്‍ക്ക് വേണ്ടി നിലകൊണ്ട ആത്മീയാചാര്യനയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു. ആത്മീയ നേതാവായിരിക്കുമ്പോഴും മതേതരത്വത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ബാവയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും അനുസ്മരിച്ചു. കൃത്യനിഷ്ഠയുള്ള ചിട്ടയായ ആധ്യാത്മിക ജീവിതം നയിച്ച വ്യക്തിയെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ബാവയെ ഓര്‍മിച്ചത്.
ഇന്ന് പുലര്‍ച്ചെ 2.30ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു പരിശുദ്ധ ബാവയുടെ അന്ത്യം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി ആരോഗ്യ നില മോശമായിരുന്ന ബാവയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. ഒന്നര വര്‍ഷത്തിലേറെയായി അദ്ദേഹം ശ്വാസകോശ അര്‍ബുദത്തിന് ചികിത്സയിലായിരുന്നു. വൈകിട്ട് ഏഴുമണി വരെ കോട്ടയം ദേവലോകം അരമനയില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോട്ടയം ദേവലോകം അരമനയിലേക്ക് കൊണ്ടുപോകും. കബറടക്കശുശ്രൂഷ നാളെ 3 മണിക്ക് ദേവലോകം അരമനയില്‍ നടക്കും.
Story Highlights: baselios marthoma paulose ii
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here