പരിശുദ്ധ ബാവയുമായി ഉണ്ടായിരുന്നത് വ്യക്തിപരമായി അടുപ്പം; അനുസ്മരിച്ച് രമേശ് ചെന്നിത്തല

ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയനുമായി വ്യക്തിപരമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന കാലം മുതല്‍ക്കെ അദ്ദേഹത്തോട് പരിചയവും അടുപ്പവുമുണ്ടായിരുന്നു. സമൂഹത്തിനും സഭയ്ക്കും നിസ്തുലമായ സംഭാവന നല്‍കിയ മഹാരഥനായിരുന്നു പരിശുദ്ധ ബാവയെന്ന് ചെന്നിത്തല ട്വന്റിഫോറിനോട് പറഞ്ഞു.
‘സഭയുടെ താത്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച കാണിച്ചിരുന്നില്ല. സഭയെയും സമൂഹത്തെയും ഒരുപോലെ അദ്ദേഹം മുന്നോട്ടുനയിച്ചു. മുഴുവന്‍ കേരളീയരുമായും ഏറ്റവും അടുത്ത ബന്ധം അദ്ദേഹം സൂക്ഷിച്ചു. ദേവലോകത്ത് അദ്ദേഹത്തെ കാണാന്‍ പോകുമ്പോഴെല്ലാം ആ വ്യക്തിബന്ധവും അടുപ്പവും പ്രകടമായിരുന്നു. ബാവ ചികിത്സയിലിരിക്കുമ്പോള്‍ പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലെത്തി ശ്രീ ഉമ്മന്‍ചാണ്ടിയോടൊപ്പം അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു’. അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ എക്കാലത്തും സ്മരിക്കപ്പെടുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
Story Highlights: ramesh chennithala, baselios marthoma paulose ii
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here