ഡാനിയൽ വ്യാട്ടിന്റെ തകർപ്പൻ ഇന്നിംഗ്സ്; ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് വനിതകൾക്ക് ജയം, പരമ്പര

ഇന്ത്യക്കെതിരായ മൂന്നാം ടി-20യിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. 8 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഇംഗ്ലണ്ട് ഇതോടെ 2-1 എന്ന നിലയിൽ ടി-20 പരമ്പരയും സ്വന്തമാക്കി. ഇന്ത്യ ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം 18.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. 56 പന്തിൽ 89 റൺസെടുത്ത് പുറത്താവാതെ നിന്ന ഡാനിയൽ വ്യാട്ട് ആണ് ഇംഗ്ലണ്ടിനു ജയമൊരുക്കിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. ഷഫാലി വർമ്മ (0) ഇന്നിംഗ്സിൻ്റെ നാലാം പന്തിൽ പുറത്തായി. ഹർലീൻ ഡിയോളും (6) വേഗം മടങ്ങി. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഹർമൻപ്രീത്-മന്ദന സഖ്യമാണ് ഇന്ത്യയെ വലിയ തകർച്ചയിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഇരുവരും ചേർന്ന് 68 റൺസ് കൂട്ടിച്ചേർത്തു. ഫോമിലേക്ക് തിരികെയെത്തിയ ഹർമൻ അനായാസമാണ് ബാറ്റ് വീശിയത്. 13ആം ഓവറിൽ ഹർമൻ (36) പുറത്തായി. സ്നേഹ് റാണയ്ക്ക് (4) ഏറെ നേരം ക്രീസിൽ തുടരാനായില്ല. ഒരു വശത്ത് വിക്കറ്റുകൾ തുടർച്ചയായി വീഴുമ്പോഴും തകർത്തടിച്ച സ്മൃതി മന്ദന ഇതിനിടെ ഫിഫ്റ്റി അടിച്ചിരുന്നു. 51 പന്തുകളിൽ 70 റൺസടിച്ച സ്മൃതി ഒടുവിൽ 17ആം ഓവറിൽ പുറത്തായി. മന്ദന പുറത്തായതിനു പിന്നാലെ ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് താഴ്ന്നു. അവസാനത്തിൽ ചില ബൗണ്ടറികളിലൂടെ റിച്ച ഘോഷ് (20) ആണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്.
മറുപടി ബാറ്റിംഗിൽ 11 റൺസെടുത്ത തമി ബ്യൂമൊണ്ടിനെ വേഗം നഷ്ടമായെങ്കിലും നതാലി സിവറും ഡാനിയൽ വ്യാട്ടും ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 112 റൻസിൻ്റെ കൂട്ടുകെട്ട് ഇംഗ്ലണ്ടിനു ജയമൊരുക്കുകയായിരുന്നു. 42 റൺസെടുത്ത് സിവർ പുറത്തായെങ്കിലും 89 റൺസുമായി വ്യാട്ട് ക്രീസിൽ തുടർന്നു.
Story Highlights: england women won against india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here