മെസിയുടെ പുതിയ കരാറിൽ സംശയം; പരിശോധിക്കുമെന്ന് ലാലിഗ പ്രസിഡന്റ്

ഇതിഹാസ താരം ലയണൽ മെസി കഴിഞ്ഞ ദിവസമാണ് ബാഴ്സലോണയുമായി കരാർ പുതുക്കിയത്. താരം അഞ്ച് വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ടു എന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ, കരാറിൽ സംശയമുണ്ടെന്നും ഇത് അന്വേഷിക്കുമെന്നും ലാലിഗ പ്രസിഡൻ്റ് യാവിയർ തെബാസ് വ്യക്തമാക്കി.
“മെസിയുടെ കാര്യത്തിൽ കണ്ണടയ്ക്കില്ല. ഇവിടെ സാമ്പത്തിക നിയന്ത്രണം ഉണ്ട്. ലാലിഗയുടെ അഖണ്ഡത കാത്തുസൂക്ഷിക്കേണ്ടതുണ്ട്. സാമ്പത്തിക നിയന്ത്രണങ്ങൾ ഇടക്കിടെ ഞങ്ങൾ ഏജൻ്റുമാരോടും താരങ്ങളോടും വിവരിക്കാറുണ്ട്. കാരണം, അവർക്ക് അതറിയില്ല. അല്ലെങ്കിൽ അതേപ്പറ്റി ആലോചിക്കാറില്ല. ക്ലബ് അവരെ കബളിപ്പിക്കും. എന്നാൽ കാര്യങ്ങളും കൃത്യമായി മനസ്സിലാക്കണം. മെസിയെയും മറ്റ് താരങ്ങളെയും ടീമിലെത്തിച്ചത് ഞങ്ങൾ പരിശോധിക്കും.”- തെബാസ് പറഞ്ഞു.
മെസിയുടെ നിലവിലെ ശമ്പളം പരിഗണിക്കുമ്പോൾ അത് ലാ ലിഗ സാലറി ക്യാപ്പിനു പുറത്തുപോകുമെന്നും ബാഴ്സ പുതുതായി സൈൻ ചെയ്ത സെർജിയോ അഗ്യൂറോ അടക്കമുള്ള താരങ്ങളെ കളിപ്പിക്കാൻ കഴിയില്ലെന്നുമുള്ള പ്രതിസന്ധി നിലനിന്നിരുന്നു. ഇത് പരിഗണിച്ച് മെസി 50 ശതമാനം ശമ്പളം കുറച്ചു. 600 മില്ല്യൺ ഡോളർ ആണ് റിലീസ് ക്ലോസ്.
ബോർഡുമായി നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ മെസി നേരത്തെ ക്ലബ് വിടാൻ തീരുമാനമെടുത്തിരുന്നു. എന്നാൽ, സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി ജോസപ് ബാർതോമ്യു പ്രസിഡൻ്റായ ബോർഡ് മെസിയെ ക്ലബിൽ നിലനിർത്തിയിരുന്നു. ഇതിനു പിന്നാലെ ബാർതോമ്യുവിനെതിരെയും ബോർഡിനെതിരെയും ആഞ്ഞടിച്ച താരം കരാർ അവസാനിക്കുമ്പോൾ ക്ലബ് വിടുമെന്ന് അറിയിച്ചു. ഇത് ബോർഡിൻ്റെ രാജിയിലേക്ക് വഴിതെളിച്ചു. ക്ലബ് രാജിവെച്ച് ഒഴിഞ്ഞു എങ്കിലും തൻ്റെ തീരുമാനത്തിനു മാറ്റമില്ലെന്ന് മെസി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുതിയ പ്രസിഡൻ്റ് യുവാൻ ലാപോർട്ട എത്തി. മെസി ബാഴ്സലോണയിൽ തന്നെ തുടരുമെന്ന് കരുതുന്നു എന്ന് ലപോർട്ട പറഞ്ഞിരുന്നു.
Story Highlights: Lionel Messi’s new contract being scrutinised as LaLiga chief issues warning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here