ഇംഗ്ലണ്ട്-ഇന്ത്യ പരമ്പരയിൽ കർശന ബയോ ബബിൾ ഇല്ല

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കർശന ബയോ ബബിൾ നിബന്ധനകൾ ഉണ്ടാവില്ലെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. സിഇഓ ടോം ഹാരിസൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ടീം അംഗമായ ഋഷഭ് പന്ത് ഉൾപ്പെടെ ക്യാമ്പിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തെങ്കിലും കർശന നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൻ്റെ നിലപാട്. ഇംഗ്ലണ്ട് ടീം അംഗങ്ങൾക്കും കൊവിഡ് പോസിറ്റീവായിരുന്നു.
“കൊവിഡിനെ നേരിടാൻ നമ്മൾ പഠിക്കണം. ഭാവികാലത്തും നമ്മൾ കൊവിഡിനൊപ്പം തന്നെ ജീവിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു എന്നതിനാൽ താരങ്ങളെ മുഴുവൻ ബബിളിൽ ഇടാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.”- ഹാരിസൺ പറഞ്ഞതായി ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു.
ഓഗസ്റ്റ് 4നാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുക. 4 ടെസ്റ്റുകളാണ് പരമ്പരയിൽ ഉള്ളത്. അടുത്ത സീസണിലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഈ മത്സരത്തോടെ ആരംഭിക്കും. 2023 ജൂൺ മാസത്തിൽ ഫൈനൽ മത്സരം നടക്കും.
പരുക്കേറ്റ് നാട്ടിലേക്ക് മടങ്ങിയ യുവ ഓപ്പണർ ശുഭ്മൻ ഗില്ലിന് പകരക്കാരെ അയക്കില്ലെന്ന് ബിസിസിഐ തീരുമാനിച്ചിരുന്നു. ദേവ്ദത്ത് പടിക്കലും പൃഥ്വി ഷായും ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ തുടരും.
Story Highlights: no strict bio-bubbles for England-India series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here