‘ഇന്ത്യൻ ടീമിന് ഐപിഎൽ കളിച്ചുള്ള പരിചയമേയുള്ളൂ’; പരമ്പരയിൽ ആർക്കും മുൻതൂക്കമില്ലെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ

തങ്ങൾക്കെതിരെ ഇന്ത്യൻ ടീമിന് മുൻതൂക്കമില്ലെന്ന് ശ്രീലങ്കൻ ക്യാപ്റ്റൻ ദാസുൻ ഷനക. ഇന്ത്യൻ ടീമിലെ താരങ്ങൾക്ക് ഐപിഎൽ കളിച്ചുള്ള പരിചയമേ ഉള്ളൂ എന്നും രാജ്യാന്തര മത്സരം കുറവാണെന്നും ഷനക പറഞ്ഞു. അതുകൊണ്ട് തന്നെ ഇരു ടീമുകൾക്കും പരമ്പരയിൽ മുൻതൂക്കമില്ല എന്നും ഷനക കൂട്ടിച്ചേർത്തു. ദി ഹിന്ദു ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
“രണ്ട് ടീമുകളും സമാന രീതിയിലാണ് ആരംഭിക്കുക. കാരണം, ഇന്ത്യയിൽ പുതുമുഖ താരങ്ങളുണ്ട്. അവർ ഐപിഎൽ കളിച്ചിട്ടുണ്ടെന്ന് നമുക്കറിയാം. പക്ഷേ, രാജ്യാന്തര ക്രിക്കറ്റിൽ അവർക്ക് മുൻപരിചയം കുറവാണ്.”- ഷനക പറഞ്ഞതായി ഹിന്ദു റിപ്പോർട്ട് ചെയ്തു.
ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പര ഇന്ന് ആരംഭിക്കും. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 3 മണിക്കാണ് ആദ്യ മത്സരം ആരംഭിക്കുക. ശിഖർ ധവാൻ്റെ നേതൃത്വത്തിൽ ഇന്ത്യയുടെ രണ്ടാം നിരയാണ് ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ആകെ 20 താരങ്ങളിൽ 10 പേരും പുതുമുഖങ്ങളാണ്.
ഈ മാസം 13നാണ് മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
Story Highlights: Dasun Shanaka believes both teams will start on even footing
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here