ശ്രീ സിമന്റ്സുമായി കരാർ ഒപ്പിടാൻ വിസമ്മതിച്ച് ഈസ്റ്റ് ബംഗാൾ; ഐഎസ്എലിൽ നിന്ന് പുറത്താവാൻ സാധ്യത

ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള ക്ലബുകളിൽ ഒന്നായ ഈസ്റ്റ് ബംഗാൾ ഐഎസ്എലിൽ നിന്ന് പുറത്താവാൻ സാധ്യത. നിക്ഷേപകരായ ശ്രീ സിമൻ്റ്സുമായി അവസാന കരാർ ഒപ്പിടില്ലെന്ന് ക്ലബ് നേതൃത്വം നിലപാട് എടുത്തതോടെയാണ് ഈസ്റ്റ് ബംഗാൾ രാജ്യത്തെ ഒന്നാം നിര ഫുട്ബോൾ ലീഗിൽ നിന്ന് പുറത്തായേക്കുമെന്ന റിപ്പോർട്ടുകൾ വരുന്നത്.
കഴിഞ്ഞ സീസണിലാണ് ശ്രീ സിമൻ്റ്സ് ക്ലബിൻ്റെ നിക്ഷേപകരായി എത്തുന്നത്. 76 ശതമാനമായിരുന്നു ക്ലബിൽ ശ്രീ സിമൻ്റ്സിൻ്റെ ഓഹരി. ഇതേ തുടർന്ന് ക്ലബ് ഐഎസ്എൽ കളിച്ചു. ഇരുവരും തമ്മിൽ ഒപ്പിട്ട ധാരണാ പത്രം പ്രകാരം ക്ലബിൻ്റെ സ്പോർട്ടിംഗ് അവകാശങ്ങൾ മുഴുവനായും കൈമാറണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇതിനു സാധിക്കില്ലെന്നാണ് ഇപ്പോൾ ക്ലബിൻ്റെ നിലപാട്. 24 എക്സിക്യൂട്ടിവ് സമിതി അംഗങ്ങളും ഒപ്പുവച്ച പ്രസ്താവനയിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.
ഉടമ്പടി പ്രകാരം ക്ലബിന്റെ പേര്, ലോഗോ, ഗ്രൗണ്ട് തുടങ്ങിയ കാര്യങ്ങളിലെ പൂർണമായ അവകാശം ശ്രീ സിമൻ്റ്സിനാണ്. ഇത് ക്ലബിൽ സമിതിക്കുള്ള അവകാശങ്ങളൊക്കെ ഇല്ലാതാക്കും. ഇത് സാധിക്കില്ലെന്ന് ക്ലബ് എക്സിക്യൂട്ടിവ് സമിതി പറയുന്നു. കരാർ ഒപ്പുവച്ചില്ലെങ്കിൽ ശ്രീ സിമൻ്റ്സ് നിക്ഷേപങ്ങളിൽ നിന്ന് പിൻവാങ്ങിയേക്കും. അങ്ങനെയെങ്കിൽ വരുന്ന സീസണ് മുന്നോടിയായി പുതിയ നിക്ഷേപകരെ കണ്ടെത്താൻ ഈസ്റ്റ് ബംഗാളിനു കഴിഞ്ഞില്ലെങ്കിൽ ക്ലബ് ഐഎസ്എലിൽ നിന്ന് പുറത്താവും.
Story Highlights: East Bengal will not sign final agreement with Sree Cement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here