ധവാനും സംഘവും ഇന്നിറങ്ങും; ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കം

ശ്രീലങ്ക-ഇന്ത്യ ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം. കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് 3 മണിക്കാണ് ആദ്യ മത്സരം ആരംഭിക്കുക. ശിഖർ ധവാൻ്റെ നേതൃത്വത്തിൽ ഇന്ത്യയുടെ രണ്ടാം നിരയാണ് ശ്രീലങ്കയിൽ എത്തിയിരിക്കുന്നത്. ആകെ 20 താരങ്ങളിൽ 10 പേരും പുതുമുഖങ്ങളാണ്.
ടെസ്റ്റ് പര്യടനത്തിനായി ഇന്ത്യയുടെ ഒന്നാം നിര ഇംഗ്ലണ്ടിൽ ആയതിനാലാണ് ഇന്ത്യ രണ്ടാം നിര ടീമിനെ ശ്രീലങ്കയിലേക്കയച്ചത്. മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെയുള്ള യുവതാരങ്ങൾ ടീമിൽ ഇടം നേടിയിട്ടുണ്ട്. ദേശീയ ടീം ക്യാപ്റ്റൻ എന്ന ചുമതല ആദ്യമായാണ് ഓപ്പണർ ശിഖർ ധവാനു ലഭിക്കുന്നത്. പുതുമുഖം ദേവ്ദത്തിനു പകരം പൃഥ്വി ഷാ ധവാനൊപ്പം ഇനിംഗ്സ് ഓപ്പൺ ചെയ്തേക്കും. മനീഷ് പാണ്ഡെ, സൂര്യകുമാർ യാദവ് എന്നിവർക്കൊപ്പം വിക്കറ്റ് കീപ്പറായി ആര് എത്തുമെന്നത് കണ്ടറിയണം. സഞ്ജുവിനും ഇഷാനും ഒരുപോലെയാണ് സാധ്യതകൾ. ഹർദ്ദിക് പാണ്ഡ്യ, കൃണാൽ പാണ്ഡ്യ എന്നിവരാവും ഓൾറൗണ്ടർമാർ. ഭുവി പേസ് പടയെ നയിക്കുമ്പോൾ ഒപ്പം ദീപക് ചഹാറോ നവ്ദീപ് സെയ്നിയോ എത്തും. ഇടംകയ്യൻ പേസർ എന്ന നിലയിൽ ചേതൻ സക്കരിയക്കും സാധ്യതയുണ്ട്. കുൽ-ച സഖ്യത്തെ പ്രതീക്ഷിക്കാമെങ്കിലും ബാറ്റിംഗ് കരുത്തുറ്റതാക്കാൻ തീരുമാനിച്ചാൽ കുൽദീപിനു പകരം കൃഷ്ണപ്പ ഗൗതമിനു നറുക്കു വീഴും.
ഈ മാസം 13നാണ് മത്സരങ്ങൾ ആരംഭിക്കേണ്ടിയിരുന്നത്. എന്നാൽ, ഇംഗ്ലണ്ട് പര്യടനം കഴിഞ്ഞ് തിരികെ എത്തിയ ശ്രീലങ്കൻ സ്ക്വാഡിൽ കൊവിഡ് പടർന്നതിനെ തുടർന്ന് പര്യടനം മാറ്റിവെക്കുകയായിരുന്നു. 20,23 തീയതികളിൽ ഏകദിന പരമ്പരയിലെ അടുത്ത മത്സരങ്ങളും നടക്കും. ടി-20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
Story Highlights: india srilanka odi series starts today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here