‘നാല് വരി അറബി പാട്ട് പടത്ത്ക്ക് വേണന്ന് പറഞ്ഞു; മാലിക്ക്ക്ക് ആണെന്ന് അറിഞ്ഞില്ല’; മാലിക്കിലെ തരംഗമായ ഗാനം പാടിയ ഹിദ പറയുന്നു

മാലിക്കിലെ തരംഗമായ ഗാനം പാടിയത് മലപ്പുറം സ്വദേശിനിയായ പത്തുവയസുകാരി ഹിദയാണ്. മഹേഷ് നാരായണന്റെ ബിഗ് ബജറ്റ് ചിത്രം മാലിക്കിന് വേണ്ടിയാണ് താൻ ഗാനം ആലപിച്ചതെന്ന് ഹിദ അറിഞ്ഞിരുന്നില്ല. ചിത്രം റിലീസായപ്പോഴാണ് ഹിദയും കുടുംബാംഗങ്ങളും അക്കാര്യമറിഞ്ഞത്. താൻ പാടിയ ഗാനം ജനഹൃദയങ്ങൾ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഹിദ. മാലിക്കിലേക്കെത്തിയതെങ്ങനെയാണെന്ന് ട്വന്റിഫോറിനോട് പങ്കുവയ്ക്കുകയാണ് കുഞ്ഞു ഹിദ.
‘മാലിക്ക്ക് ആണെന്ന് അറിഞ്ഞില്ല’
സഹോദരിമാർ രണ്ട് പേരും പാട്ടു പാടുന്നവരാണ്. പാട്ട് റെക്കോർഡ് ചെയ്യുന്നതിന് വേണ്ടി ഹനീഫ മുതുക്കോടിന്റെ സ്റ്റുഡിയോയിലേയ്ക്ക് പോയപ്പോഴാണ് അപ്രതീക്ഷിതമായി അവസരം ലഭിച്ചത്. ഒരു സിനിമയ്ക്ക് വേണ്ടി നാല് വരി അറബി പാട്ട് വേണമെന്നാണ് പറഞ്ഞത്. പാട്ട് പാടി കൊടുത്ത ശേഷം ആ വിഷയം മറന്നു. മാലിക്കിന് വേണ്ടിയാണ് പാടിയതെന്ന് അറിയില്ലായിരുന്നു. മാലിക്ക് റിലീസ് ചെയ്ത ശേഷം പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഈ പാട്ടു കേട്ടു. ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. വളരെ സന്തോഷം തോന്നി.
‘നാദിർഷിക്കേടെ സിനിമേല് പാടീട്ടുണ്ട്’
നാദിർഷ സംവിധാനം ചെയ്യുന്ന ഗാന്ധി സ്‌ക്വയർ എന്ന ചിത്രത്തിൽ ഒരു മുഴുനീള ഗാനം ആലപിച്ചിട്ടുണ്ട്. ജയസൂര്യയും നമിതാ പ്രമോദുമാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ. ചിത്രം ഓണത്തിന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. മാലിക്കിന് കിട്ടിയ സ്വീകാര്യത ആ ഗാനത്തിനും കിട്ടുമെന്നാണ് പ്രതീക്ഷ.
യൂട്യൂബ് ചാനലുണ്ട്
ഇത്താത്തമാർക്കൊപ്പം ചേർന്ന് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിട്ടുണ്ട്. ‘ റിഫ മോൾ ചോക്കാട്’ എന്നാണ് യൂട്യൂബ് ചാനലിന്റെ പേര്. മാലിക്കിലെ പാട്ട് പുറത്തുവന്ന ശേഷം ചാനലിന് കുറച്ചു കൂടി സ്വീകാര്യത കിട്ടി.
വലിയ പാട്ടുകാരിയാകണം
കുറേ ഉയരങ്ങളിൽ എത്തണം. വലിയ പാട്ടുകാരിയാകണമെന്നാണ് ആഗ്രഹം.
Story Highlights: Malik
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here