Advertisement

പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് നാളെ തുടക്കം; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും

July 18, 2021
1 minute Read

സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിനുള്ള പൊലീസിന്റെ പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് നാളെ തുടക്കമാകും. രാവിലെ 10.30 ന് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

സ്ത്രീധനവുമായി ബന്ധപ്പെട്ട അവഹേളനങ്ങള്‍, സൈബര്‍ലോകത്തിലെ അതിക്രമങ്ങള്‍, പൊതുയിടങ്ങളിലെ അവഹേളനങ്ങള്‍ തുടങ്ങിയവ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിങ്ക് പ്രൊട്ടക്ഷൻ പ്രൊജക്ടിന് രൂപം നൽകിയത്. നിലവിലുള്ള പിങ്ക് പൊലീസ് പട്രോൾ സംവിധാനം സജീവമാക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഗാര്‍ഹികപീഡനങ്ങള്‍ മുന്‍കൂട്ടിക്കണ്ട് തടയുന്നതിന് ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കാനുള്ള പിങ്ക് ജനമൈത്രി ബീറ്റ് എന്ന സംവിധാനം പുതിയ പദ്ധതിയില്‍പ്പെടുന്നു. വീടുകള്‍തോറും സഞ്ചരിച്ച് ഗാര്‍ഹികപീഡനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുകയാണ് പിങ്ക് ജനമൈത്രി ബീറ്റ് സംവിധാനത്തിന്‍റെ ചുമതല.

പ്രത്യേക പരിശീലനം ലഭിച്ച വനിതാപൊലീസ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പിങ്ക് ബീറ്റ് സംവിധാനം കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളിലും സ്കൂള്‍, കോളജ്, മറ്റ് പൊതുസ്ഥലങ്ങള്‍ എന്നിവയുടെ മുന്നിലും ബസ് സ്റ്റോപ്പുകളിലും ഇനിമുതല്‍ സാന്നിധ്യമുറപ്പിക്കും. ഇവരുടെ സഹായത്തിനായി 14 ജില്ലകളിലും പിങ്ക് കണ്‍ട്രോള്‍ റൂം തിങ്കളാഴ്ച മുതൽ പ്രവര്‍ത്തനസജ്ജമാകും.

ജനത്തിരക്കേറിയ പ്രദേശങ്ങളില്‍ സാമൂഹികവിരുദ്ധരുടെ സാന്നിധ്യം കണ്ടെത്താനും നടപടി സ്വീകരിക്കാനുമായി പിങ്ക് ഷാഡോ പട്രോള്‍ ടീമിനെയും നിയോഗിക്കും. വനിതാ ഉദ്യോഗസ്ഥര്‍ മാത്രം ഉള്‍പ്പെടുന്ന ബുള്ളറ്റ് പട്രോള്‍ സംഘമായ പിങ്ക് റോമിയോയും തിങ്കളാഴ്ച നിലവില്‍വരും.

വനിതാ സെല്ലുകളില്‍ നിലവിലുള്ള കൗണ്‍സലിംഗ് സംവിധാനം മികച്ച സന്നദ്ധസംഘടനകളുടെ സഹായത്തോടെ ശക്തിപ്പെടുത്തും. വനിതകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികളിൽ ഫലപ്രദമായി തീര്‍പ്പ് കല്‍പ്പിക്കുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കും. പൊലീസിന്‍റെ മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ്, വനിതാസംരക്ഷണത്തിന് സഹായമായ നിര്‍ഭയം ആപ്പ് എന്നിവയുടെ ഉപയോഗം വ്യാപകമാക്കുന്നതും പുതിയ പദ്ധതിയുടെ ഭാഗമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top