‘സിനിമയ്ക്ക് നേരെയുള്ള ആക്രമണം ഇതാദ്യമല്ല’; ബീമാപള്ളി വെടിവയ്പ് വീണ്ടും ചർച്ചയാകുമ്പോൾ മാലിക്കിലെ ‘ഫ്രെഡി’ക്ക് പറയാനുള്ളത്

സനൽ അമൻ/ രതി വി. കെ
മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘ഫഹദ് ഫാസിൽ’ ചിത്രം മാലിക്കിലെ ഒറ്റകഥാപാത്രം കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയിരിക്കുകയാണ് സനൽ അമൻ. ചിത്രത്തിലെ നിർണായക കഥാപാത്രമായ ‘ഫ്രെഡി’ സനലിന്റെ കൈയിൽ ഭദ്രമായിരുന്നു. മാലിക്കിലേക്ക് അപ്രതീക്ഷിതമായി എത്തിപ്പെട്ടതല്ല സനൽ. വളരെ ചെറുപ്പത്തിൽ തന്നെ അഭിനയലോകത്ത് സനൽ അമനുണ്ട്. മാലിക്കിനൊപ്പം അത് മുന്നോട്ടുവച്ച രാഷ്ട്രീയവും ചർച്ചയാകുമ്പോൾ നിലപാടുകൾ തുറന്നു പറയുകയാണ് സനൽ അമൻ.
sanal aman interview
സിനിമയിലെ രാഷ്ട്രീയം ചർച്ചയാകുമ്പോൾ?
മാലിക്കിലെ രാഷ്ട്രീയം സംബന്ധിച്ച ചർച്ചകൾ കാണുന്നുണ്ട്. സിനിമയ്ക്ക് നേരെയുള്ള ആക്രമണം ഇത് ആദ്യമല്ല. മുൻപ് മണിരത്‌നത്തിന്റെ ബോംബെ എന്ന ചിത്രത്തിന് നേരെ ഇത്തരത്തിൽ ആക്രമണം നടന്നിട്ടുണ്ട്. അന്ന് അദ്ദേഹത്തിന്റെ വീട് കയറി ആക്രമിക്കുന്ന സംഭവം വരെയുണ്ടായി. സിനിമയെ സംബന്ധിച്ചിടത്തോളം തുറന്ന് അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിനായിരിക്കണം പ്രാധാന്യം. ക്രിയേറ്റിവിറ്റിയെ അല്ലെങ്കിൽ സമൂഹത്തെ പ്രതിനിധീകരിക്കാൻ കഴിയുന്നതായിരിക്കണം സിനിമ. അത് ഉണ്ടാക്കുന്ന ചർച്ചകൾ ജനാധിപത്യപരമായിരിക്കണം. സമൂഹത്തിന് അത്തരം ചർച്ചകൾ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
സംവിധായകൻ കഥ പറഞ്ഞപ്പോൾ ബീമാപള്ളി വെടിവയ്പ് സംബന്ധിച്ച് എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ?
അങ്ങനെ സൂചിപ്പിച്ചിരുന്നില്ല. ഞാനിത് കഥയായിട്ടാണ് കേട്ടത്. പക്ഷെ കൂടുതൽ അന്വേഷിച്ചപ്പോൾ നടന്ന സംഭങ്ങളുടെ റെഫറൻസസ് പല ഭാഗങ്ങളിലും കാണാൻ കഴിഞ്ഞു. അപ്പാനി ശരത്ത് അവതരിപ്പിച്ച കഥാപാത്രം ബോംബ് പൊട്ടി കൊല്ലപ്പെടുന്ന ഒരു സംഭവം ചിത്രത്തിൽ കാണിക്കുന്നുണ്ട്. തിരുവനന്തപുരത്ത് നടന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ആ രംഗം. സുനാമി ഉൾപ്പെടെ പലതും നടന്നിട്ടുള്ള സംഭവങ്ങളാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നടന്ന സംഭവങ്ങൾ പരാമർശിച്ചുള്ള ഒരു ഫിക്ഷൻ എന്ന നിലയിലാണ് മാലിക്ക് ഒരുക്കിയിരിക്കുന്നത് എന്നാണ് ഞാൻ മനസിലാക്കിയിരിക്കുന്നത്.
സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളും മാലിക്കും?
ഇപ്പോഴും നമുക്കിടയിൽ എവിടെയൊക്കെയോ അസഹിഷ്ണുത ഉണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സമാധാനപരമായി ജീവിക്കാൻ പറ്റുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. മതത്തിന്റെ പേരിൽ തമ്മിൽ തല്ലിക്കുന്ന കാര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്ന് കരുതുന്ന ആളാണ് ഞാൻ. അതിനെ ഏതെങ്കിലും രീതിയിൽ സിനിമ ഗുണം ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്.
33കാരൻ എങ്ങനെ പതിനേഴുകാരനായി?
സിനിമയിൽ അഭിനയിക്കുമ്പോൾ 33 വയസായിരുന്നു. കഥാപാത്രത്തിന് പ്രായം പതിനേഴും. ഫ്രെഡിക്ക് വേണ്ടി ശാരീരികമായി എന്ന പോലെ തന്നെ മാനസികമായും തയ്യാറെടുപ്പു നടത്തി. മാനസികമായി മാറാതെ ശാരീരികമായി മാറാൻ കഴിയില്ല. രണ്ടും ഒന്നു തന്നെയാണ്. അതിന്റെ റിഫഌക്ഷനാണ് കഥാപാത്രത്തിൽ കാണുന്നത്. ഒരിക്കലും പതിനേഴ് വയസിലെ എന്റെ പെരുമാറ്റങ്ങളായിരിക്കില്ല 33 വയസിലേത്. ചെറുപ്പത്തിലെ ഉത്സാഹവും ആവേശവുമെല്ലാം പ്രായം കൂടും തോറും കുറഞ്ഞുവരും. ചെറുപ്പകാലത്തേയ്ക്ക് തിരിച്ചുപോകാൻ ഞാൻ മാനസികമായി തയ്യാറെടുത്തു.
കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യണമെന്നുണ്ടായിരുന്നു. കഥ നടക്കുന്ന തിരുവനന്തപുരത്ത് പോയി താമസിക്കണമെന്നൊക്കെ കരുതിയതാണ്. പക്ഷേ സിനിമ തുടങ്ങാൻ ലേറ്റായി. വീട്ടിൽ ഇരുന്നാൽ ശരിയാകില്ലെന്നു കരുതി ഒരു യാത്ര പോകാൻ തീരുമാനിച്ചു. ഗോകർണയിലേക്കാണ് പോയത്. അവിടെവച്ച് ഒരു തിരുവനന്തപുരത്തുകാരനെ പരിചയപ്പെട്ടു. അദ്ദേഹത്തിൽ നിന്ന് എന്നും തിരുവനന്തപുരം ഭാഷ കേൾക്കാൻ സാധിച്ചു. കുറച്ചു നാൾ അവിടെ തന്നെയായിരുന്നു. സിനിമ തുടങ്ങുകയാണെന്ന് അറിഞ്ഞപ്പോഴാണ് തിരികെ നാട്ടിലെത്തിയത്. നേരെ പോയത് തിരുവനന്തപുരത്തേക്കാണ്. കോവളത്ത് സുഹൃത്തിന്റെ വീട്ടിൽ നിൽക്കാൻ സാധിച്ചു. സുഹൃത്തുക്കൾക്കൊപ്പം മീൻ പിടിക്കാനൊക്കെ പറ്റി. അതൊക്കെ യാദൃശ്ചികമായി സംഭവിച്ചതാണ്. പക്ഷേ അതെല്ലാം സിനിമയിൽ ഉപകരിച്ചു.
മാലിക്കിലെ ഷൂട്ടിംഗ് അനുഭവം
ഷൂട്ടിംഗിന് മുൻപ് ഫഹദിക്കയെ ഒരിക്കൽ കണ്ടിരുന്നു. അന്ന് അധികം സംസാരിച്ചൊന്നുമില്ല. ഒരു സാധാരണ കൂടിക്കാഴ്ചയായിരുന്നു. അതിന് ശേഷം കാണുന്നത് ഷൂട്ടിംഗ് ലൊക്കേഷനിലാണ്. മാലിക്കിലെ ക്ലൈമാക്‌സ് രംഗമാണ് ആദ്യത്തെ രണ്ട് ദിവസം ഷൂട്ട് ചെയ്തത്. കഥാപാത്രങ്ങളെന്താണെന്നും എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങൾക്ക് രണ്ട് പേർക്കും അറിയാമായിരുന്നു. അതനുസരിച്ച് അഭിനയിക്കുകയായിരുന്നു. ചില മാറ്റങ്ങളൊക്കെ വരുത്തി. അപ്രതീക്ഷിതമായി സംഭവിച്ചതാണ് പ്രേക്ഷകർ ഇപ്പോൾ കാണുന്നത്. യാഥാസ്ഥികത ഒട്ടും ചോർന്നുപോകാതെ ചെയ്യാൻ പറ്റി.
എല്ലാവരും അഭിനന്ദിച്ച കൂട്ടത്തിൽ ക്രെയിൻ യൂണിറ്റിലുള്ള ഒരു ചേട്ടനും ഉണ്ടായിരുന്നു. ആൾ വർഷങ്ങളായി സിനിമയിലുള്ളതാണ്. മാലിക്കിൽ അഭിനയിച്ചിട്ടുമുണ്ട്. അദ്ദേഹം അഭിനന്ദിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ആ ദിവസം കഴിഞ്ഞ് ഫഹദിക്കയും അഭിനന്ദിച്ചു. ഫ്രെഡി എന്നാണ് അദ്ദേഹം ഇപ്പോഴും എന്നെ വിളിക്കുന്നത്. അത് തന്നെ വലിയ കാര്യമാണ്.
മൂന്നാമത്തെ ദിവസം എനിക്ക് ഷൂട്ട് ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് കാണാനായിട്ടാണ് ഞാനവിടെ പോയത്. അപ്രതീക്ഷിതമായി മഹേഷേട്ടൻ വന്ന് കെട്ടിപ്പിടിച്ചു. സംഭവം ഉഷാറായിട്ടുണ്ടെന്ന് പറഞ്ഞു. ദിലീഷേട്ടനും എന്റെ അഭിനയം ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. നിർണായ രംഗമായതുകൊണ്ടു തന്നെ സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ അഭിനയിച്ച് ഫലിപ്പിക്കുമോ എന്ന് ദിലീഷേട്ടന് സംശയമുണ്ടായിരുന്നു. അഭിനയം കണ്ടപ്പോൾ എല്ലാവരും ഓകെയായി. എന്നെ എവിടെ നിന്നാ കിട്ടിയെ എന്നൊക്കെ ദിലീഷേട്ടൻ ചോദിച്ചെന്ന് മഹേഷേട്ടൻ പിന്നീട് പറഞ്ഞു.
മഹേഷ് നാരായണൻ എന്ന സംവിധായകൻ
2016 ൽ ഞാൻ അഭിനയിച്ച ‘ദി ലവർ’ എന്ന നാടകം മഹേഷേട്ടൻ കണ്ടിരുന്നു. അന്ന് അദ്ദേഹം അഭിനന്ദിച്ചിട്ട് പോയി. അതിന് ശേഷം 2019 ലാണ് മാലിക്കിലേക്ക് വിളിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം മഹേഷ് നാരായണൻ എനിക്ക് ഗോഡ് ഫാദറാണ്. അദ്ദേഹത്തെ ഞാൻ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. മെയിൻ സ്ട്രീമിലേക്ക് എന്നെ എത്തിച്ചത് മഹേഷേട്ടനാണ്. ആ ഒരു ബഹുമാനം എപ്പോഴും ഉണ്ടാകും.
ബീമാപള്ളിയിൽ പോയിട്ടുണ്ട്
ബീമാപള്ളിയിൽ പോയിട്ടുണ്ട്. സിനിമ കമ്മിറ്റ് ചെയ്ത ശേഷം യോഗ പഠിക്കാൻ തിരുവനന്തപുരത്ത് പോയപ്പോഴാണ് അവിടെ പോയത്. ബീമാപള്ളിയുടെ ചരിത്രം അടങ്ങിയ പുസ്തകമൊക്കെ വായിച്ചിട്ടുണ്ട്. സിനിമ റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ബീമാപള്ളിയുമായി ബന്ധപ്പെട്ട ഡോക്യുമെന്ററികളും മറ്റും കാണുന്നത്. അതിന് മുൻപ് അതേപ്പറ്റി ഒരു റെഫറൻസിന്റെ ആവശ്യമുണ്ടെന്ന് തോന്നിയിട്ടില്ല. ഡോക്യുമെന്ററികളൊക്കെ കണ്ടപ്പോൾ സത്യത്തിൽ സങ്കടം വന്നു.
ബീമാപള്ളി വെടിവയ്പും മാലിക്കും
ബീമാപള്ളി വെടിവയ്പും മാലിക്കും തമ്മിൽ താരതമ്യം ചെയ്യുന്നത് സദുദ്ദേശപരമായ ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. സിനിമ കണ്ട ശേഷം ആർക്കൊക്കെ കുറ്റബോധം തോന്നുണ്ടോ അതു തന്നെയാണ് വലിയ കാര്യം. സമൂഹത്തിൽ നടക്കുന്ന സംഭവങ്ങൾ ചർച്ച ചെയ്യാൻ സിനിമയ്ക്ക് പറ്റും എന്ന് ജനങ്ങൾ തിരിച്ചറിയും.
അഭിനയലോകത്തേയ്ക്ക്
അഭിനയ രംഗത്ത് ചെറുപ്പം തൊട്ടേയുണ്ട്. നാടകത്തിലായിരുന്നു തുടക്കം. നാലാം ക്ലാസിലൊക്കെ പഠിക്കുമ്പോൾ തന്നെ നാടത്തിൽ അഭിനയിച്ചു തുടങ്ങി. പ്രാഥമിക സ്‌കൂൾ വിദ്യാഭ്യാസമെല്ലാം കണ്ണൂരായിരുന്നു. നാടകം കൂടുതൽ പഠിക്കാൻ വേണ്ടിയാണ് ഡൽഹി നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയിലും തൃശൂർ ഡ്രാമ സ്‌കൂളിലും ചേർന്നത്. കൊല്ലം എസ്. എൻ കോളജിൽ മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് വിഡിയോ പ്രൊഡക്ഷനിൽ ബിരുദവും നേടി. നിരവധി നാടകങ്ങൾ ചെയ്തിട്ടുണ്ട്.
സിനിമയിലേക്ക് വരുന്നത് 2013ലാണ്. സജിൻ ബാബുവിന്റെ ‘അസ്തമയം വരെ’യാണ് ആദ്യം അഭിനയിച്ച സിനിമ. ഓഡിഷൻ വഴിയാണ് ആ സിനിമയിലേക്ക് എത്തിയത്. ആദ്യം ആ സിനിമ ചെയ്യാൻ ഞാൻ ഓകെയായിരുന്നില്ല. പക്ഷെ എന്റെ കാര്യത്തിൽ സജിൻ ഓകെയായിരുന്നു. ഇങ്ങോട്ട് വിളിച്ച് താടി വളർത്താമോ എന്നൊക്കെ ചോദിച്ചു. അതിനൊക്കെ ഞാൻ റെഡിയായിരുന്നു. ആദ്യ സിനിമയായതുകൊണ്ട് ഒന്നുകൂടി ആലോചിക്കണമായിരുന്നു. സ്‌ക്രിപ്റ്റ് വായിച്ചപ്പോൾ ഇത് ചെയ്യണമെന്ന് തന്നെ തോന്നി. ഒരു നടനെന്ന നിലയിൽ ആ ചിത്രത്തിൽ ഒരുപാട് ചെയ്യാനുണ്ടായിരുന്നു. അതിന് ശേഷം ‘ഏലി ഏലി ലാമ സബച്താനി’ എന്ന മറാഠി- ഹിന്ദി ചിത്രത്തിലും രതീഷ് രവീന്ദ്രൻ സംവിധാനം ചെയ്ത പിക്‌സേലിയയിലും അഭിനയിച്ചു.
ഞാനും സുഹൃത്തും സംവിധാനം ചെയ്ത ഒരു പ്രോജക്ട് വരാനുണ്ട്. ഒരു ആന്തോളജി പ്രോജക്ടാണ്. ലോക്ക് ഡൗണിന്റെ സമയത്ത് സംവിധാനം ചെയ്യാൻ അവസരം ലഭിക്കുകയായിരുന്നു. ഏഴ് സിനിമകളുണ്ട്. അതിൽ കന്നഡ, മലയാളം സംവിധാനം ചെയ്തത് ഞാനാണ്. മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. കന്നഡയിൽ പ്രധാന കഥാപാത്രത്തെ ചെയ്തിരിക്കുന്നത് പ്രകാശ് രാജാണ്.
sanal aman interview
Story Highlights: Malik, Sanal Aman, Fahad Fazil, Mahesh Narayanan, sanal aman interview
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here