Advertisement

പീഡനപരാതി; എ കെ ശശീന്ദ്രന്റെ ഇടപെടലിനെക്കുറിച്ച് അറിയില്ലെന്ന് എ വിജയരാഘവന്‍

July 20, 2021
Google News 1 minute Read
a vijayaraghavan

പീഡനപരാതിയില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ ഇടപെടലിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. മാധ്യമങ്ങളിലൂടെയാണ് വാര്‍ത്ത കണ്ടതെന്നും കൂടുതല്‍ പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും വിജയരാഘവന്‍ പറഞ്ഞു. അതേസമയം പാര്‍ട്ടി പ്രശ്‌നമാണെന്ന് കരുതിയാണ് ഇടപെട്ടതെന്നും പീഡന പരാതിയാണെന്ന് അറിഞ്ഞപ്പോള്‍ ഫോണ്‍ വയ്ക്കുകയായിരുന്നുവെന്നുമാണ് എ കെ ശശീന്ദ്രന്റെ വിശദീകരണം. ഒരു തവണ മാത്രമാണ് പരാതിക്കാരിയുടെ പിതാവിനെ വിളിച്ചത്. പിന്നീട് ഒരിക്കലും വിഷയത്തില്‍ ഇടപെട്ടിട്ടില്ല. വിളിക്കാനും സംസാരിക്കാനും സ്വാതന്ത്ര്യമുള്ള നേതാവിനെയാണ് ഫോണില്‍ വിളിച്ചതെന്നുമായിരുന്നു പ്രതികരണം.

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഇടപെട്ടതായായിരുന്നു ആരോപണം. പരാതി നല്ല രീതിയില്‍ തീര്‍ക്കണമെന്ന് മന്ത്രി പരാതിക്കാരിയുടെ പിതാവിനോട് ആവശ്യപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. എ കെ ശശീന്ദ്രനാണെന്ന് പരിചയപ്പെടുത്തിക്കൊണ്ടാണ് പരാതിക്കാരിയുടെ പിതാവിന് മന്ത്രിയുടെ ഫോണ്‍ കോള്‍ എത്തിയത്. മന്ത്രി എ കെ ശശീന്ദ്രനാണോ എന്ന് പരാതിക്കാരിയുടെ പിതാവ് ചോദിക്കുന്നു. ഇതിന് ശേഷമാണ് അവിടെ പാര്‍ട്ടിയില്‍ ഒരു പ്രശ്‌നമുണ്ടെന്ന് മന്ത്രി പറയുന്നത്. ഇവിടെ പാര്‍ട്ടിയില്‍ പ്രശ്‌നമൊന്നുമില്ലെന്നും മന്ത്രി പറയുന്നത് തനിക്ക് മനസിലാകുന്നില്ലെന്നും പിതാവ് പറയുന്നു. നേരിട്ട് കാണാമെന്ന് മന്ത്രി പറയുന്നുണ്ട്. തന്റെ മകളെ കൈക്ക് പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസാണ് മന്ത്രി തീര്‍പ്പാക്കാന്‍ പറയുന്നതെന്ന് പരാതിക്കാരിയുടെ പിതാവ് പറയുമ്പോള്‍ നല്ല രീതിയില്‍ തീര്‍ക്കണമെന്ന് ശശീന്ദ്രന്‍ പറയുന്നുണ്ട്. നല്ല രീതിയില്‍ എന്നു പറഞ്ഞാല്‍ അതെങ്ങനെയാണെന്ന് പിതാവ് ചോദിക്കുന്നു. ഇതിന് കൃത്യമായ മറുപടി പറയാതെ മന്ത്രി ഒഴിഞ്ഞുമാറുകയാണ്.

Read Also: പീഡന പരാതി ഒതുക്കി തീർക്കാൻ ശ്രമിച്ചെന്ന ആരോപണം; എ.കെ ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ്

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ കെ ശശീന്ദ്രന്‍ നിരവധി തവണ ഇടപെട്ടുവെന്ന് പരാതിക്കാരിയും പറഞ്ഞു. കേസ് നല്‍കുന്നതിന് മുന്‍പ് പലരേയും കൊണ്ട് വിളിപ്പിച്ചു. മന്ത്രി പറഞ്ഞിട്ടാണ് വിളിപ്പിക്കുന്നതെന്ന് അവര്‍ പറഞ്ഞിരുന്നു. പരാതി നല്‍കിയിട്ട് പൊലീസ് അവഗണിച്ചെന്നും യുവതി പറഞ്ഞു. മാര്‍ച്ച് ആറിനാണ് സംഭവം നടന്നതെന്നാണ് യുവതി പറയുന്നത്.

അതേസമയം, പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചെന്നാണ് സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി. ഡി സതീശന്‍ പ്രതികരിച്ചത്. ശശീന്ദ്രനെ മന്ത്രിസ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.ആരോപണം നേരിടുന്ന മന്ത്രി രാജിവയ്ക്കണം. രാജിവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. പദവി ദുരുപയോഗം ചെയ്ത മന്ത്രി എ കെ ശശീന്ദ്രന്‍, സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Story Highlights: A Vijayaraghavan, AK Saseendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here