അവസാന മത്സരത്തിലും ജയം; ഏകദിനത്തിനു പിന്നാലെ ടി-20 പരമ്പരയും ഇംഗ്ലണ്ടിന്

ഏകദിന പരമ്പരക്ക് പിന്നാലെ പാകിസ്താനെതിരായ ടി-20 പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. അവസാന മത്സരത്തിൽ എതിരാളികളെ 3 വിക്കറ്റിനു കീഴടക്കിയാണ് ഇംഗ്ലണ്ട് 2-1 എന്ന സ്കോറിന് പരമ്പര ജയം സ്വന്തമാക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 155 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു. പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാൻ (76 നോട്ടൗട്ട്) ടോപ്പ് സ്കോറർ ആയപ്പോൾ ഇംഗ്ലണ്ടിനു വേണ്ടി ജേസൻ റോയ് (64) തിളങ്ങി. ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് 4 വിക്കറ്റ് വീഴ്ത്തി.
ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാൻ മാത്രമാണ് തിളങ്ങിയത്. ബാബർ അസം (11), ഷൊഐബ് മഖ്സൂദ് (13), മുഹമ്മദ് ഹഫീസ് (1), ഷദബ് ഖാൻ (2). ഇമാദ് വാസിം (3) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ ഫഖർ സമാൻ (24), ഹസൻ അലി (15) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Read Also: പരമ്പരയിൽ ഒപ്പമെത്തി ഇംഗ്ലണ്ട്; പാകിസ്താനെ പരാജയപ്പെടുത്തിയത് 45 റൺസിന്
മറുപടി ബാറ്റിംഗിൽ ജോസ് ബട്‌ലറും ജേസൻ റോയും ചേർന്ന് ഇംഗ്ലണ്ടിന് മികച്ച തുടക്കം നൽകിയെങ്കിലും തുടരെ ഡോട്ട് ബോളുകൾ എറിഞ്ഞ് പാകിസ്താൻ മത്സരത്തിലേക്ക് തിരികെ വന്നു. ബട്‌ലർ (22 പന്തിൽ 21), ഡേവിഡ് മലാൻ (33 പന്തിൽ 31) എന്നിവർ പന്ത് പാഴാക്കിയത് ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചു. ജോണി ബെയർസ്റ്റോ (5), മൊയീൻ അലി (1), ലിയാം എന്നിവർ വേഗം മടങ്ങിയപ്പോൾ ക്യാപ്റ്റൻ ഓയിൻ മോർഗൻ (21) പിടിച്ചുനിന്നു. അവസാന ഓവറിൽ മോർഗൻ പുറത്തായെങ്കിലും ക്രിസ് ജോർഡൻ (4) ഇംഗ്ലണ്ടിനെ വിജയത്തിലെത്തിക്കുകയായിരുന്നു.
Story Highlights: englad won t20 series pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here