‘അവർ പ്രതികരിച്ചു, നമ്മൾ ചാമ്പ്യന്മാരെപ്പോലെ തിരിച്ചും’; ഡ്രസിംഗ് റൂമിൽ ദ്രാവിഡിന്റെ ‘പെപ് ടോക്ക്’: വിഡിയോ

ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തിൽ വിജയിച്ചതിനു പിന്നാലെ ഡ്രസിംഗ് റൂമിൽ പരിശീലകൻ രാഹുൽ ദ്രാവിഡ് നടത്തിയ സംസാരം വൈറലാവുന്നു. മത്സരത്തിലെ വിജയ നിമിഷവും ആഘോഷങ്ങളും ഉൾപ്പെടുത്തിയുള്ള വിഡിയോയിലാണ് ദ്രാവിഡിൻ്റെ ‘പെപ് ടോക്കും’ ഉള്ളത്. തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ ബിസിസിഐ ആണ് വിഡിയോ പങ്കുവച്ചത്. ( dravid talk dressing room )
“മത്സരത്തിൽ വിജയിക്കാനായത് വളരെ ഗംഭീരമായി. പക്ഷേ, വിജയത്തിലേക്കുള്ള പോരാട്ടമാണ് അതിലും മികച്ചുനിന്നത്. ഇപ്പോൾ വ്യക്തിഗത പ്രകടനങ്ങളെപ്പറ്റി പറയേണ്ട സമയമല്ല. ഉറപ്പായും ചില മികച്ച പ്രകടനങ്ങൾ ഉണ്ടായിരുന്നു, അവസാന ഘട്ടത്തിൽ പ്രത്യേകിച്ചും. പക്ഷേ, എല്ലാവരും നന്നായി കളിച്ചു. അവർ പ്രതികരിക്കുമെന്ന് പറഞ്ഞിരുന്നു. അതുപോലെ അവർ പ്രതികരിച്ചു. നമ്മൾ ചാമ്പ്യന്മാരെപ്പോലെ തിരിച്ചും.”- ദ്രാവിഡ് പറഞ്ഞു.
Read Also: ദീപക് ചഹാറിനെ നേരത്തെ ഇറക്കാനുള്ള തീരുമാനം ദ്രാവിഡിന്റേത്: ഭുവനേശ്വർ കുമാർ
ശ്രീലങ്ക മുന്നോട്ടുവച്ച 276 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ 49.1 ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ജയം കുറിച്ചത്. 69 റൺസെടുത്ത ദീപക് ചഹാർ ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. സൂര്യകുമാർ യാദവ് (53), മനീഷ് പാണ്ഡെ (37), കൃണാൽ പാണ്ഡ്യ (35) എന്നിവരും ഇന്ത്യക്കായി തിളങ്ങി. ശ്രീലങ്കയ്ക്ക് വേണ്ടി വഹിന്ദു ഹസരങ്ക 3 വിക്കറ്റ് വീഴ്ത്തി.
അവസാന രണ്ട് ഓവറിൽ 15 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. 49ആം ഓവറിൽ 12 റൺസ് നേടിയ ഇന്ത്യ അവസാന ഓവറിലെ ആദ്യ പന്തിൽ ജയം കുറിച്ചു. 84 റൺസിൻ്റെ അപരാജിത കൂട്ടുകെട്ടാണ് 8ആം വിക്കറ്റിൽ ദീപക് ചഹാർ-ഭുവനേശ്വർ കുമാർ സഖ്യം പടുത്തുയർത്തിയത്. ചഹാർ (69), ഭുവനേശ്വർ (19) എന്നിവർ പുറത്താവാതെ നിന്നു.
Story Highlights: rahul dravid talk dressing room
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here