അനന്യയുടെ മരണം ; പോസ്റ്റ് മോർട്ടത്തിന് പ്രത്യേക വിദഗ്‌ധ സംഘം

ട്രാൻസ്ജെൻഡർ അനന്യയുടെ പോസ്റ്റ് മോർട്ടത്തിന് പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിച്ചു. വിദഗ്‌ധ ഡോക്ടർമാരുടെ സംഘം പോസ്റ്റുമാർട്ടം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനായി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മേധാവി ടീം അംഗങ്ങളെ തീരുമാനിക്കും. ഇൻക്വസ്റ്റ് നടപടികളും ഇതേ സംഘത്തിന്റെ സാന്നിധ്യത്തിൽ നടത്താനാണ് തീരുമാനം.
ഇതിനിടെ ട്രാൻസ്ജെൻഡർ അനന്യയുടെ ആത്മഹത്യയില്‍ സമഗ്രാന്വേഷണം നടത്താന്‍ സാമൂഹ്യനീതി വകുപ്പ്. അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കുന്നതിന് സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ട്രാൻസ്ജെൻഡർ വിഭാഗത്തിന്‍റെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും അനന്യയുടെ മരണത്തില്‍ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിനും ട്രാൻസ്ജെൻഡർ ജസ്റ്റീസ് ബോർഡ് യോഗം ജൂലൈ 23 ന് നടക്കും.
ലിംഗമാറ്റ ശസ്ത്രക്രിയ ശാസ്ത്രീയമായും പിഴവുകളില്ലാതെയും നടത്തുന്നതിന് ആവശ്യമായ മാർഗ്ഗരേഖ തയ്യാറാക്കും. സർക്കാർ ആഭിമുഖ്യത്തിൽ ട്രാൻസ് ക്ലിനിക്കുകൾ സ്ഥാപിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ അടക്കമുള്ള ട്രാൻസ്ജെൻഡർ വിഭാഗത്തിൻ്റെ ശാരീരികവും മാനസികവും ആയ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൻ്റെ സാധ്യതകൾ പരിശോധിക്കും.
Read Also: അനന്യ കുമാരിയുടെ മരണം; ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് നടി അഞ്ജലി അമീർ
അതേസമയം, അനന്യയുടെ ആത്മഹത്യയില്‍ അടിയന്തര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകി. ഇതുസംബന്ധിച്ച് ട്രാൻസ്‌ജെൻഡർ സംഘടനയും പരാതി നൽകിയിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളെപ്പറ്റി പഠിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ഇന്നലെയാണ് ട്രാൻസ് യുവതി അനന്യ കുമാരി അലക്‌സിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അനന്യ അടുത്തിടെ ലിംഗമാറ്റ ശസ്ത്രക്രിയയിൽ ഡോക്ടർക്ക് പിഴവ് സംഭവിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ആത്മഹത്യ.
Story Highlights: Transgender Ananya Kumari death case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here