മക്കയിൽ തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ വനിതകളും; ചരിത്രത്തിൽ ആദ്യം

മക്കയിലെ ഹജ്ജ് തീർത്ഥാടകർക്ക് സുരക്ഷ ഒരുക്കാൻ വനിതാ സൈനികരും. ചരിത്രത്തിൽ ആദ്യമായുമാണ് സുരക്ഷ ഉറപ്പാക്കാനായി വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്നത്. ഏപ്രിൽ മുതൽ മക്കയിലും മദീനയിലും എത്തുന്ന തീർത്ഥാടകർക്ക് സുരക്ഷ സേവനങ്ങൾ ഒരുക്കാൻ ഒട്ടേറെ വനിതാ സൈനികരെയാണ് നിയോഗിച്ചിരിക്കുന്നത്.
സൈനിക യൂണിഫോമും ഇടുപ്പ് വരെ നീളുന്ന ജാക്കറ്റും അയഞ്ഞ ട്രൗസറും തലമുടി മറയ്ക്കുന്ന മൂടുപടത്തിന് മുകളിൽ കറുത്ത നിറത്തിലുള്ള ബെററ്റ് എന്നിവ ധരിച്ചാണ് മക്കയിലെ ഗ്രാൻഡ് പള്ളിക്ക് ചുറ്റും വനിതാ സൈനികർ സുരക്ഷാ ചുമതല വഹിക്കുന്നത്.
വനിതാ സൈനികരിൽ ഒരാളായ മോന, സൈനികനായിരുന്ന പിതാവിന്റെ പാത പിന്തുടർന്നാണ് മോന എന്ന് യുവതി സൗദി വനിതാ സൈനിക വിഭാഗത്തിൽ അംഗമായത്. പരിശുദ്ധ നഗരത്തിൽ ഹജ്ജ് തീർത്ഥാടകർക്ക് ആവശ്യമായ സഹായം ചെയ്യാൻ ഇത്തവണ മോനയും കൂട്ടരമുണ്ട്.
“മക്കയിലെ ഗ്രാൻഡ് പള്ളിയിൽ, വിശുദ്ധ സ്ഥലമായ ഇവിടെ നിൽക്കുമ്പോൾ, പരേതനായ പിതാവിന്റെ യാത്ര പൂർത്തിയാക്കാനാണ് ഞാൻ ശ്രമിക്കുന്നത്. തീർത്ഥാടകരെ സേവിക്കുകയെന്നത് പുണ്യ കർമമാണ്” മോന പറഞ്ഞു.
യാഥാസ്ഥിതിക ഇസ്ലാമിക രാജ്യമെന്ന നിലയിൽ നിന്ന് രാജ്യത്തെ ആധുനികവത്കരിക്കാനും വൈവിധ്യവൽക്കരണത്തിലൂടെ വിദേശ നിക്ഷേപം ആകർഷിക്കാനുമുള്ള പദ്ധതികളുടെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സാമൂഹികവും സാമ്പത്തികവുമായ പരിഷ്കാരങ്ങൾ നടപ്പാക്കി വരികയാണ്. വിഷൻ 2030 എന്ന പരിഷ്കരണ നടപടിയുടെ ഭാഗമായി സൗദിയിൽ വനിതകൾക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കുകയും മുതിർന്ന സ്ത്രീകൾക്ക് രക്ഷിതാക്കളുടെ അനുമതിയില്ലാതെ യാത്ര ചെയ്യാൻ അനുവദിക്കുകയും ചെയ്തു.
കൊവിഡ് മഹാമാരിയെ തുടർന്ന് തുടർച്ചയായ രണ്ടാം വർഷവും തദ്ദേശീയർക്കും രാജ്യത്തെ താമസക്കാർക്കും മാത്രമാണ് ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നൽകിയിട്ടുള്ളത്.
കഅ്ബക്ക് ചുറ്റം തീർത്ഥാടകരെ നിരീക്ഷിക്കുന്ന ചുമതലയിലാണ് മറ്റൊരു സൈനികയായ സമർ. സൈക്കോളജി പഠനത്തിന്ശേഷം കുടുംബത്തിന്റെ പിന്തുണയോടെയാണ് സൈന്യത്തിൽ ചേർന്നതെന്ന് സമർ പറയുന്നു. ”ഇത് ഞങ്ങൾക്ക് ഒരു വലിയ നേട്ടമാണ്, മതത്തിൻറെയും രാജ്യത്തിൻറെയും ദൈവത്തിന്റെ അതിഥികളുടെയും സേവനത്തിൽ പങ്കാളിയാകാൻ സാധിച്ചത് ഏറ്റവും വലിയ അഭിമാനമാണ്” – സമർ പറഞ്ഞു.
Story Highlights: Saudi women stand guard in Mecca during haj
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here