പരാതിക്കാരിയെ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല; കുണ്ടറ പീഡനക്കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി ജി പത്മാകരന്‍

കുണ്ടറ പീഡനക്കേസില്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി ആരോപണ വിധേയനായ ജി പത്മാകരന്‍ ( g pathmakaran ) കേസിലെ ഗൂഡാലോചന അന്വേഷിക്കണമെന്ന് യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ എന്‍സിപി മുന്‍ സംസ്ഥാന നേതാവ് ജി പത്മാകരന്‍ ആവശ്യപ്പെട്ടു. നാര്‍ക്കോ അനാലിസിസ്, ബ്രെയിന്‍ മാപ്പിംഗ്, പോളിഗ്രാഫ് തുടങ്ങി ഏത് പരിശോധനയ്ക്കും താന്‍ തയാറാണെന്നും പത്മാകരന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. പരാതിക്കാരിയെ ഒരിക്കല്‍പ്പോലും നേരിട്ട് കണ്ടിട്ടില്ലെന്നും പരാതി രാഷ്ട്രീയ പ്രേരിതമാണെന്നും പത്മാകരന്‍ പറഞ്ഞു.
‘പരാതിക്കാരി സമാന സ്വഭാവമുള്ള പരാതികള്‍ തനിക്ക് വിരോധമുള്ള ആളുകളുടെ പേരില്‍ മുന്‍പ് പലതവണ പൊലീസില്‍ നല്‍കിയിട്ടുണ്ട് എന്നാണ് അറിയാന്‍ കഴിയുന്നത്. പരാതിക്കാരിയുടെ പിതാവ് ഞാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയിലെ അംഗം എന്ന നിലയില്‍ മുതിര്‍ന്ന നേതാവ് കൂടിയായ എ കെ ശശീന്ദ്രന്‍ വിവരം തിരക്കാന്‍ വിളിച്ചത് റെക്കോര്‍ഡ് ചെയ്ത ശേഷം വിവരങ്ങള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. കളവായ ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ വലിയ രാഷ്ട്രീയ ഗൂഡാലോചന നടന്നെന്ന് വ്യക്തമാണ്’. ജി പത്മാകരന്‍ കത്തില്‍ ചൂണ്ടിക്കാട്ടി.
ഇന്നലെയാണ് എന്‍സിപിയുടെ പ്രത്യേക അന്വേഷണ കമ്മിഷന്‍ ജി പത്മാകരനെയും എസ് രാജീവിനെയും സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കുന്നത്. ഇതിന് പിന്നാലെയാണ് പത്മാകരന്‍ മുഖ്യമന്ത്രിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കിയിരിക്കുന്നത്. പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത് അടിസ്ഥാനപരമായ ആരോപണമാണെന്നും തനിക്കും കുടുംബത്തിനും മാനസികാഘാതമുണ്ടാക്കിയെന്നും കത്തില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കവേയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.
കേസില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചു എന്നാരോപിച്ച് പരാതിക്കാരി രംഗത്തെത്തിയിരുന്നു. മന്ത്രിയുമായി തന്റെ പിതാവ് ഫോണില്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവിട്ടിരുന്നു. ഇത് വിവാദമായതോടെ മന്ത്രി രാജി വക്കണമെന്നും രാജിക്ക് തയാറായില്ലെങ്കില്‍ മന്ത്രിസഭയില്‍ നിന്ന പുറത്താക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നുമായിരുന്നു പ്രതിപക്ഷ ആവശ്യം. ഇന്നലെയും രാജി ആവശ്യപ്പെട്ട് പ്രതിപക്ഷയുവജനസംഘടനകള്‍ പ്രതിഷേധിച്ചു. അതേസമയം കേസില്‍ യുവതിയുടെ പരാതി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. കേസെടുക്കാന്‍ വൈകിയത് ഡിജിപി അന്വേഷിക്കും. പരാതിക്കാരിക്ക് നിയമപരിരരക്ഷയും സുരക്ഷയും ഉറപ്പാക്കുമെന്നും ഒപ്പം എ കെ ശശീന്ദ്രന്‍ തെറ്റുകാരനല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
Read Also: കുണ്ടറ പീഡന പരാതി; ജി പത്മാകരനെ എൻസിപിയിൽ നിന്ന് സസ്പൻഡ് ചെയ്തു
കൊല്ലത്തെ എന്‍സിപി പ്രാദേശിക നേതാവിന്റെ മകളാണ് പരാതിക്കാരി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇവര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. എന്‍സിപി നേതാവ് പത്മാകരന്‍ യുവതിയുടെ കൈക്ക് കയറി പിടിച്ചെന്നാണ് പരാതി.
Story Highlights: g pathmakaran, kundara rapecase
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here