കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; അന്വേഷണം പ്രഹസനമെന്ന് വി ഡി സതീശൻ

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണം പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ക്രൈം ബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സിബിഐ പോലുള്ള ഏജൻസികളെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു.
മൂന്ന് വർഷം മുൻപ് ക്രമക്കേട് നടന്നതായി സിപിഐഎമ്മിന് അറിയാമായിരുന്നു. അന്വേഷണങ്ങൾക്ക് ശേഷവും 100 കോടിയുടെ തട്ടിപ്പ് നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. പാർട്ടി അന്വേഷണം നടത്തിയിട്ടും വിഷയം മറച്ചുവെച്ചെന്ന് വി.ഡി സതീശൻ ആരോപിച്ചു.
ഇതിനിടെ കരുവന്നൂർ ബാങ്ക് അഴിമതിക്കേസിൽ സിപിഐഎം നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സമരരംഗത്തേക്ക് ഇറങ്ങുകയാണ്. നാളെ കെ.സുരേന്ദ്രനും മറ്റന്നാൾ യുവ മോർച്ച സെക്രട്ടറിയും സമരത്തിന് നേതൃത്വം നൽകും.
Read Also: കരുവന്നൂർ ബാങ്ക് തട്ടിപ്പ് ; ബിജെപി സമര രംഗത്തേക്ക്
കൂടാതെ മന്ത്രി ആർ ബിന്ദുവിന് തെരഞ്ഞെടുപ്പ് ഫണ്ട് വന്നതിലും അന്വേഷണം വേണമെന്ന ആവശ്യവും ബി ജെ പി മുന്നോട്ട് വെയ്ക്കുന്നുണ്ട്. വിഷയത്തിൽ കൈവശമുള്ള തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി എ നാഗേഷ് പറഞ്ഞു.
അതേസമയം, തൃശൂര്‍ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചു. സിഎംഎം ട്രേയ്‌ഡേഴ്‌സിലും തേക്കടി റിസോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിലും ആണ് പരിശോധന നടന്നത്. റിസോര്‍ട്ട് നിര്‍മാണത്തിന് ചെലവഴിച്ചത് 22 കോടിയോളം രൂപയാണെന്നും കണ്ടെത്തല്‍. റിസോര്‍ട്ടിന് പെര്‍മിറ്റ് ലഭിച്ചത് ബിജോയുടെയും ബിജു കരീമിന്റെയും പേരിലെന്നും ഇ ഡി കണ്ടെത്തി. സിഎംഎം ട്രെഡേഴ്‌സിലൂടെ കോടികള്‍ വകമാറ്റിയതായും കണ്ടെത്തല്‍. പ്രതികളുടെ ബിനാമി സ്ഥാപനങ്ങളിലും പരിശോധന നടത്തും.
Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന ആരംഭിച്ചു
അതേസമയം കേസിലെ പ്രതികള്‍ ഒളിവിലാണ്. കുടുംബാംഗങ്ങളുടെ വീട്ടില്‍ നടത്തിയ പരിശോധനയും വിഫലമായി. നാലാം പ്രതി കിരണ്‍ വിദേശത്തേക്ക് കടന്നെന്ന് പൊലീസ് പറയുന്നു. പ്രതികള്‍ ഒളിവില്‍ പോയത് ഓഡിറ്റ് റിപ്പോര്‍ട്ട് പരസ്യമായതോടെയാണ്. 506 കോടിയുടെ നിക്ഷേപമാണ് ബാങ്കിലുള്ളത്. 104.37 കോടിയുടെ തട്ടിപ്പാണ് നടന്നത്.
തേക്കടി മുരിക്കടിയില്‍ പ്രതി ബിജോയുടെ വമ്പന്‍ റിസോര്‍ട്ടിന്റെ നിര്‍മാണം നടക്കുന്നതായി കണ്ടെത്തി. തേക്കടി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് 2014ല്‍ കുമളി പഞ്ചായത്തില്‍ നിന്ന് അനുമതി ലഭിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടര ഏക്കര്‍ പ്രോജക്ടിനായിരുന്നു അനുമതി തേടിയത്. രണ്ടാം ഘട്ടത്തില്‍ 18 കോടിയുടെ നിര്‍മാണത്തിന് അനുമതി നല്‍കി.
ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം നിലച്ച അവസ്ഥയാണ്. 18 ലക്ഷം കരാറുകാരന് ലഭിക്കാനുണ്ട്. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മാണം നിലച്ചതെന്നും വിവരം. പദ്ധതിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണ് ബിജോയ്. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന് പഞ്ചായത്തംഗം പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് പഞ്ചായത്തില്‍ ആക്ഷേപങ്ങളുണ്ടായിരുന്നു.
എട്ട് ഏക്കര്‍ സ്ഥലത്ത് 18 കോടിയുടെ നിര്‍മാണ പദ്ധതിക്കാണ് അനുമതി ലഭിച്ചിരുന്നത്. ഇതുവരെ മൂന്നര കോടിയുടെ നിര്‍മാണം പൂര്‍ത്തിയായതായി കരാറുകാരന്‍ വ്യക്തമാക്കി. പ്രാദേശിക കരാറുകാരനാണ് ഇത് ഏറ്റെടുത്തിരിക്കുന്നത്. ബാങ്കിലെ കരാര്‍ ജീവനക്കാരനാണ് ബിജോയ്. കമ്മീഷന്‍ ഏജന്റായിട്ടാണ് ജോലി.
Story Highlights: Karuvannur Bank fraud, V D Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here