വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു; നിരാഹാര സമരം അവസാനിപ്പിച്ച് സിസ്റ്റർ ലൂസി കളപ്പുര

കാരയ്ക്കമലയിലെ മഠത്തിന് പുറത്ത് സിസ്റ്റർ ലൂസി കളപ്പുര നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. പൊലീസ് എത്തി മുറിയിലെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ച ശേഷമാണ് സിസ്റ്റർ ലൂസി കളപ്പുര നിരാഹാര സമരം അവസാനിപ്പിച്ചത്.
വൈകിട്ട് അഞ്ച് മണി മുതൽ രാത്രി ഒൻപതര വരെ കാരയ്ക്കാമലയിലെ മഠത്തിന് പുറത്തായിരുന്നു നിരാഹാര സമരം. അഞ്ച് ദിവസം മുൻപ് മഠത്തിലെ മുറിയിലേക്കുള്ള വൈദ്യുതി ബന്ധം മറ്റ് കന്യാസ്ത്രീകൾ ചേർന്ന് വിച്ഛേദിക്കുകയായിരുന്നുവെന്നും പൊലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമായിരുന്നു സിസ്റ്ററുടെ ആരോപണം.
മഠത്തിൽ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ലൂസി കളുപ്പര സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം ഹൈക്കോടതി തീർപ്പാക്കിയിരുന്നു. കോൺവെന്റിൽ നിന്ന് ലൂസി ഇറങ്ങി പോകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്നായിരുന്നു ഹൈക്കോടതി വ്യക്തമാക്കിയത്. കോൺവെന്റിലെ താമസവുമായി ബന്ധപ്പെട്ട ഹർജി എത്രയും വേഗം തീർപ്പാക്കണമെന്ന് മുൻസിഫ് കോടതിയോട് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു. ലൂസി കളപ്പുരയെ സംബന്ധിച്ച് ഹൈക്കോടതിയുടേത് ആശ്വാസ വിധിയായിരുന്നു. ഇതിന് പിന്നാലെയാണ് കാരയ്ക്കാമല കോൺവെന്റിനെതിരെ സിസ്റ്റർ ലൂസി രംഗത്തെത്തിയിരിക്കുന്നത്.
Read Also: ‘കോൺവെന്റ് അധികൃതർ ദ്രോഹിക്കുന്നു’; സിസ്റ്റർ ലൂസി കളപ്പുര നിരാഹാര സമരത്തിൽ
സഭാ ചട്ടങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചെന്നാരോപിച്ച് ലൂസി കളപ്പുരയെ മഠത്തിൽ നിന്ന് പുറത്താക്കിയ എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെ നടപടി വത്തിക്കാൻ ശരിവച്ചെന്നാണ് മഠത്തിന്റെ വാദം. എന്തു വന്നാലും മഠത്തിൽ നിന്ന് ഇറങ്ങില്ലെന്നാണ് ലൂസി കളപ്പുരയുടെ നിലപാട്.
Story Highlights: sister lucy kalappura end hunger strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here