മൂന്നാം മത്സരത്തിൽ 6 വിക്കറ്റ് ജയം; വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയക്ക്

ടി-20 പരമ്പര പരാജയപ്പെട്ടതിനു പിന്നാലെ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. അവസാന മത്സരത്തിൽ 6 വിക്കറ്റിനു വിജയിച്ചാണ് ഓസീസ് പരമ്പര ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 45.1 ഓവറിൽ 152 റൺസ് എടുക്കുന്നതിനിടെ ഓൾഔട്ടായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 30.3 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയിക്കുകയായിരുന്നു. ഓസീസിനായി മിച്ചൽ സ്റ്റാർക്ക് (3 വിക്കറ്റ്), മാത്യു വെയ്ഡ് (51), ആഷ്ടൺ ആഗർ (2 വിക്കറ്റും 19 റൺസും) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. (australia won odi series)
55 റൺസ് നേടി പുറത്താവാതെ നിന്ന ഓപ്പണർ എവിൻ ലൂയിസ് മാത്രമാണ് വിൻഡീസ് നിരയിൽ ചെറുത്തുനിന്നത്. ഷായ് ഹോപ്പ് (14), ഷിംറോൺ ഹെട്മെയർ (6), ഡാരൻ ബ്രാവോ (18), നിക്കോളാസ് പൂരാൻ (3), കീറോൺ പൊള്ളാർഡ് (11), ജേസൻ ഹോൾഡർ (5), അൽസാരി ജോസഫ് (15), ഹെയ്ഡെൻ വാൽഷ് (7), അകീൽ ഹൊസൈൻ (3), ഷെൽഡൻ കോട്രൽ (0) എന്നിങ്ങനെയാണ് മറ്റ് സ്കോറുകൾ. സ്റ്റാർക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹേസൽവുഡ്, ആഷ്ടൻ ആഗർ, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആഷ്ടൺ ടേണർക്ക് ഒരു വിക്കറ്റുണ്ട്.
Read Also: ദി ഹണ്ട്രഡിനെ ഒളിമ്പിക്സിൽ ഉൾപ്പെടുത്തണം: മഹേല ജയവർധനെ
രണ്ടാം ഇന്നിംഗ്സിൽ ആദ്യ രണ്ട് വിക്കറ്റുകൾ വേഗം വീഴ്ത്തി വെസ്റ്റ് ഇൻഡീസ് തിരിച്ചടിച്ചെങ്കിലും അലക്സ് കാരി (35), മിച്ചൽ മാർഷ് (29) എന്നിവർക്കൊപ്പം മാത്യു വെയ്ഡ് മികച്ച രീതിയിൽ ബാറ്റ് ചെയ്തതോടെ ഓസീസ് ജയം കുറിയ്ക്കുകയായിരുന്നു.
അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പര 4-1നാണ് വെസ്റ്റ് ഇൻഡീസ് സ്വന്തമാക്കിയത്. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയ വിജയിച്ചപ്പോൾ രണ്ടാം മത്സരം വിൻഡീസ് സ്വന്തമാക്കിയിരുന്നു.
Story Highlights: australia won odi series west indies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here