Advertisement

കൊടകര കള്ളപ്പണ കേസ്; തെരഞ്ഞെടുപ്പ് അട്ടിമറി അന്വേഷിക്കും

July 29, 2021
2 minutes Read
Kodakara money laundering case; Election coup will be investigated

കൊടകര കള്ളപ്പണ കവര്‍ച്ചയില്‍ കൂടുതല്‍ അന്വേഷണത്തിന് പൊലീസ്. തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിലാണ് അന്വേഷണം നടത്തുക. ബിജെപി അനുഭാവി ധര്‍മരാജന്‍ കൂടുതല്‍ പണം എത്തിച്ചെന്ന കണ്ടെത്തല്‍ പരിശോധിക്കും.

ഏതെല്ലാം മണ്ഡലങ്ങളിലേക്ക് പണമെത്തിച്ചു എന്നത് അന്വേഷിക്കാനാണ് തീരുമാനം. കോന്നിയിലെ പഞ്ചായത്തംഗങ്ങള്‍ക്ക് പണം വിതരണം ചെയ്തതും പരിശോധിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. അന്വേഷണ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും ഇ ഡിക്കും ഉടന്‍ സമര്‍പ്പിക്കും.

കൊടകരയില്‍ കള്ളപ്പണ കവര്‍ച്ച നടന്ന ശേഷവും കുഴല്‍പ്പണ കടത്ത് നടന്നുവെന്ന് ധര്‍മരാജന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. പത്തനംതിട്ടയിലേക്കാണ് ഒരു കോടി രൂപ എത്തിച്ചത്. കൊടകരയില്‍ നഷ്ടപ്പെട്ട മൂന്നര കോടി രൂപ ബിജെപിയുടേതാണെന്ന് ധര്‍മരാജന്‍ വ്യക്തമാക്കുന്ന മൊഴിയുടെ വിവരങ്ങളും പുറത്തുവന്നിരുന്നു.

Read Also: ‘പത്തനംതിട്ടയിലേക്കും പണം കടത്തി; കൊടകരയിൽ നഷ്ടപ്പെട്ട മൂന്നരക്കോടി ബിജെപിയുടേത്’; ധർമരാജന്റെ മൊഴി പുറത്ത്

കവര്‍ച്ച നടന്ന ശേഷം പൊലീസിന് നല്‍കിയ മൊഴിയിലാണ് കവര്‍ച്ച ചെയ്യപ്പെട്ടത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവന്ന തുകയാണെന്ന് ധര്‍മരാജന്‍ പറഞ്ഞത്. എന്നാല്‍ ഇരിങ്ങാലക്കുട കോടതിയില്‍ ധര്‍മരാജന്‍ നല്‍കിയ ഹര്‍ജിയില്‍ കവര്‍ച്ച ചെയ്യപ്പെട്ട തുക ബിസിനസ് ആവശ്യത്തിനായി മാര്‍വാടി നല്‍കിയതാണെന്നായിരുന്നു പറഞ്ഞത്.

മൊഴികളിലെ വൈരുധ്യം അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിരുന്നു. പൊലീസ് നല്‍കിയ കുറ്റപത്രത്തിലാണ് മൊഴിയുടെ വിശദാംശങ്ങള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനും ധര്‍മരാജനും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മൂന്ന് തവണ ധര്‍മരാജന്‍ കോന്നിയില്‍ പോയി. ബി.ജെ.പി പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് പതിനായിരം മുതല്‍ ഇരുപതിനായിരം രൂപ വരെ നല്‍കാനായിരുന്നു കോന്നിയില്‍ പോയതെന്നും മൊഴിയിലുണ്ടായിരുന്നു.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ചയാണ് കൊടകരയില്‍ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബിജെപി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവര്‍ പരാതി നല്‍കിയത്.

Story Highlights: Kodakara money laundering case; Election coup will be investigated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top