18
Sep 2021
Saturday

സാധുക്കളെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടതെന്ന് ; നാലുപേര്‍ കൂടിനിന്നതിന് പിഴ 2000 ; കുറിപ്പുമായി പഞ്ചായത്ത് പ്രസിഡന്റ്

കൊവിഡ് കാലത്തെ സാമ്പത്തിക പ്രതിസന്ധിക്കിടെ പൊലീസിന്റെ പിഴചുമത്തിലിന് ഇരയാകുന്ന സാധാരണക്കാരെക്കുറിച്ച് കുറിപ്പുമായി തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം. തന്റെ വാര്‍ഡായ ചാമപ്പറമ്പിലെ ഒരു വൃദ്ധ വ്യാപാരി നേരിടേണ്ടി വന്ന അനുഭവം പങ്കുവെച്ചായിരുന്നു സലീമിന്റെ കുറിപ്പ്. വ്യാപാരിക്ക് പൊലീസ് നല്‍കിയ 2000 രൂപയുടെ പിഴയുടെ രസീതും സലീം കുറിപ്പിനൊപ്പം ചേര്‍ക്കുന്നു.

തികച്ചും കുഗ്രാമമായ പ്രദേശത്ത് പുറത്തുനിന്നാരും തന്നെ സാധനം വാങ്ങാനെത്താത്തതിനാല്‍ തന്നെ വളരെക്കുറവ് കച്ചവടം മാത്രം നടക്കുന്ന കടയില്‍ ദിവസങ്ങളോളം കച്ചവടം നടത്തിയാലാണ് വ്യാപാരിക്ക് ആ തുക ലഭിക്കുക.

കോടികളുടെ തട്ടിപ്പ് നടത്തിയവര്‍ വരെ സ്വതന്ത്രരായി വിലസുന്ന നാട്ടില്‍ സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടതെന്ന് അദ്ദേഹം ചോദിക്കുന്നു. നിറകണ്ണുകളോടെയാണ് ഇക്കാര്യം തന്നോട് പറഞ്ഞ കടക്കാരനൊപ്പം പൊലീസ് സ്റ്റേഷനില്‍ പോയി 2000 രൂപ ഫൈന്‍ അടച്ചതായും സലീം കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

ഞാന്‍ കെ പി എം സലീം, തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്. നമ്മുടെ സിസ്റ്റം എത്ര മനുഷ്യത്വരഹിതമാണ് എന്ന് തിരിച്ചറിഞ്ഞ, ഏറെ പ്രയാസം തോന്നിയ ഒരു ദിവസമാണിന്ന്. എന്റെ വാര്‍ഡ് ചാമപ്പറമ്പ് തികച്ചും ഒരു കുഗ്രാമം. പേരിനു പോലും ഒരു ബസ് സര്‍വ്വീസ് ഇല്ലാത്ത, ഓട്ടോസ്റ്റാന്റ് ഇല്ലാത്ത, മറ്റൊരു നാട്ടുകാരനും ഒരു സാധനം പോലും വാങ്ങാന്‍ വരാത്ത ചാമപ്പറമ്പിലെ നറുക്കോട് എന്ന ദേശത്ത് വളരെ കുറഞ്ഞ വീടുകള്‍. ആകെയുള്ള 2 പലചരക്കുകടകള്‍. രണ്ട് കടകളിലും കൂടി എന്ത് കച്ചവടം നടക്കും എന്ന് നാം ഒന്ന് ചിന്തിക്കണം.അതില്‍ ഒരു കടക്കാരന് നമ്മുടെ പോലീസുകാര്‍ ഫൈനിട്ട രശീതിയാണ് ചുവടെയുള്ളത്. നിയമ ലംഘനങ്ങള്‍ക്ക് ശുപാര്‍ശകനായി പൊതുവെ പൊലീസ് സ്റ്റേഷനില്‍ പോകാത്ത ഞാനിന്നു പോയി. വാര്‍ദ്ധക്യത്തിലെത്തിയ കടയുടമയുടെ കണ്ഠമിടറിയ അഭ്യര്‍ത്ഥന മാനിച്ചാണ് പോയത്. പലചരക്ക് കടയുടെ സമീപത്ത് നാലു ചെറുപ്പക്കാര്‍ നിന്നു എന്നതാണ് കുറ്റം. (അവര്‍ നിന്നത് ശരിയാണെന്നഭിപ്രായമില്ല). അവര്‍ നിന്നതിന് കടക്കാരനിട്ട ഫൈനാണീ 2000. പല ചരക്ക് സാധനം വിറ്റ് 2000 രൂപ ലാഭം കിട്ടണമെങ്കില്‍ എത്ര ദിവസം കച്ചവടം നടത്തണം ഈ നാട്ടില്‍ പുറത്തുകാരന്‍ എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ. ഒരു അഞ്ഞൂറു രൂപ വാങ്ങിയാല്‍ പോലും വലിയ പിഴയാകുമായിരുന്നിടത്താണ് എഫ്‌ഐആര്‍ ഇട്ട് രണ്ടായിരം വാങ്ങിയത്. സത്യം പറഞ്ഞാല്‍ ഇടനെഞ്ച് പൊട്ടിപ്പോയി അയാളുടെ ദയനീയാവസ്ഥയോര്‍ത്ത്. ബീവറേജസിനു മുന്നില്‍ ആയിരങ്ങള്‍ ഒത്തുകൂടി സാമൂഹികാകലം പാലിക്കാതെ എത്ര സമയം നിന്നാലും നടപടിയെടുക്കാത്ത നമ്മുടെ സിസ്റ്റം തന്നെയാണ് ഈ അരുതായ്മകള്‍ ചെയ്യുന്നത്. 2000 ഫൈനിട്ട പോലീസുകാരനും ഒരുപക്ഷെ നിസഹായനായിരിക്കാം. മുകളിലെ ഏമാന്‍മാരുടെ ഉത്തരവുകളനുസരിക്കാനേ അയാള്‍ക്കു നിര്‍വ്വാഹമുള്ളൂ. പക്ഷെ ഒന്നു പറയാം. സാധുക്കളെ ഇങ്ങനെ പിഴിഞ്ഞിട്ടാണോ നിയമം നടപ്പിലാക്കേണ്ടത്. കോടികള്‍ കട്ടുമുടിച്ചവര്‍ ഒരു രൂപ പോലും പിഴ നല്‍കാതെ വിലസുന്ന നാട്ടിലാണിതെല്ലാം എന്നോര്‍ക്കുമ്പോള്‍ അറിയാതെ പറഞ്ഞു പോകുന്നു നാണക്കേടേ നിന്റെ പേരോ ..

Story Highlights :

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top