അസം- മിസോറാം അതിർത്തി സംഘർഷം; രജിസ്റ്റർ ചെയ്ത കേസുകൾ ഇരു സംസ്ഥാനങ്ങളും പിൻവലിച്ചു

അസം- മിസോറാം അതിർത്തി സംഘർഷം പരിഹാരത്തിലേക്ക്. സംഘർഷവുമായി ബന്ധപ്പെട്ടു രജിസ്റ്റർ ചെയ്ത കേസുകൾ ഇരു സംസ്ഥാനങ്ങളും പിൻവലിച്ചു. രണ്ടു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ വ്യാഴാഴ്ച ചർച്ച നടത്തും.
ജൂലൈ 26-ന് നടന്ന അതിർത്തി സംഘർഷവുമായി ബന്ധപ്പെട്ട് മിസോറാമിലെ ഉദ്യോഗസ്ഥർക്കും, പോലീസുകാർക്കുമെതിരെ രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളും പിൻവലിക്കാൻ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പൊലീസിന് നിർദേശം നൽകി.
ആറ് അസം ഉദ്യോഗസ്ഥർക്കും 200 ഓളം പൊലീസുകാർക്കുമെതിരെയുള്ള കേസ് പിൻവലിക്കാൻ മിസോറാം സർക്കാർ തീരുമാനിച്ചതിന് പിന്നാലെയാണ് അസമും കേസുകൾ അവസാനിപ്പിച്ചത്.
തർക്കത്തിന് സൗഹാർദപരമായ പരിഹാരത്തിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിനുമായിട്ടാണ് കേസ് പിൻവിലിക്കുന്നതെന്ന് മിസോറാം മുഖ്യമന്ത്രി സോറംതംഗ പറഞ്ഞു.
മിസോറാം കേസുകൾ പിൻവലിച്ച സാഹചര്യത്തിലാണ് അസം പോലീസ് എടുത്ത കേസുകളും പിൻവലിക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ പ്രതികരിച്ചു.കേന്ദ്ര സർക്കാരിന്റെ ഇടപെടലിന് പിന്നാലെയാണ് കേസുകൾ പിൻവലിക്കാനുള്ള ഇരു സംസ്ഥാനങ്ങളുടെയും തീരുമാനം.
അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയ്ക്കെതിരെ എടുത്ത കേസും, മിസോറാം എംപി കെ.വൻലാൽവേനയ്ക്കെതിരെ എടുത്ത കേസും കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. പ്രശ്നങ്ങൾ പരിഹരിക്കാനായി അസം മുഖ്യമന്ത്രി ഹിമന്ത വിശ്വ ശർമയും, മിസോറാം മുഖ്യമന്ത്രി സോറംതംഗയുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്തും.
Read Also:അസം-മിസോറാം അതിര്‍ത്തി സംഘര്‍ഷം; അസം സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
അതേസമയം, അതിർത്തി സംഘർഷത്തെ കോൺഗ്രസ് രാഷ്ട്രീയ വൽക്കരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു.വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽനിന്നുള്ള നിന്നുള്ള ബിജെപി എംപിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ആണ് ജെ പി നദ്ദയുടെ വിമർശനം.വിദേശ ശക്തികളാണ് സംഘർഷം ആളിക്കത്തിക്കുന്നതെന്നും ബിജെപി എംപിമാർ പ്രധാന മന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ ആരോപിച്ചു.
Story Highlights: Assam-Mizoram border dispute
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here