ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്ജിൽ ഇന്ത്യൻ സമയം വൈകുന്നേരം 3.30ന് ആരംഭിക്കുക. പരുക്ക് വലയ്ക്കുന്ന ഇന്ത്യൻ ടീമിൽ നാളെ രോഹിത് ശർമ്മയ്ക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് വിവരം. ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഇല്ലാതെയാവും ഇംഗ്ലണ്ട് ഇറങ്ങുക. (england india test tomorrow)
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിൻ്റെ ക്ഷീണം മാറുന്നതിനു മുൻപാണ് ഇന്ത്യ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാഡ് കെട്ടുക.ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ച ന്യൂസീലൻഡിൻ്റെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പോരാത്തതിന് ശുഭ്മൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേശ് ഖാൻ എന്നിവർ പരുക്കേറ്റ് പുറത്താവുകയും ചെയ്തു. പകരം ടീമിലേക്ക് വിളിച്ച പൃഥ്വി ഷായും സൂര്യകുമാർ യാദവും ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല. ഇതിനെല്ലാം പുറമേ പരിശീലനത്തിനിടെ ഹെൽമറ്റിൽ പന്തിടിച്ച് പരുക്കേറ്റ ഓപ്പണർ മായങ്ക് അഗർവാൾ നാളത്തെ മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇതിനെയൊക്കെ മറികടന്നുവേണം ഇന്ത്യക്ക് കളിയിൽ പ്രകടനം നടത്താൻ.
Read Also: പരിശീലനത്തിനിടെ പരുക്ക്; ആദ്യ ടെസ്റ്റിൽ നിന്ന് മായങ്ക് അഗർവാൾ പുറത്ത്
നേരത്തെ, ടെസ്റ്റ് മത്സരങ്ങളിൽ എപ്പോഴും ജയം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ നായകൻ വിരാട് കോലി അറിയിച്ചിരുന്നു. സമനിലയിൽ താത്പര്യമില്ല. മൂന്നാം ദിനമോ നാലാം ദിനമോ ടെസ്റ്റ് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാൻ കഴിയില്ലെന്നും ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനു മുന്നോടിയായി കോലി പറഞ്ഞു.
“വ്യക്തിപരമായി എനിക്ക് ഇംഗ്ലണ്ടിൽ ടെസ്റ്റ് ജയിക്കുന്നത് ലോകത്തെ മറ്റെവിടെ ജയിക്കുന്നത് പോലെ തന്നെയാണ്. ഇതൊന്നും എൻ്റെ കരിയറിലെ പ്രധാന സംഭവങ്ങളല്ല. ഗ്രൗണ്ടിലിറങ്ങി മത്സരിക്കുമ്പോൾ എല്ലാ ടെസ്റ്റ് മാച്ചും വിജയിക്കുക എന്നതാണ് ലക്ഷ്യം. അതാണ് നമ്മുടെ സംസ്കാരം. മുൻപ് നമ്മൾ ഇത് ചെയ്തിട്ടുണ്ട്. ഇനിയും അത് ആവർത്തിക്കാനാവും. ഒരു മത്സരം പരാജയപ്പെട്ടാലും ആ സംസ്കാരം പിന്തുടർന്ന് കഴിയുന്നതൊക്കെ ചെയ്യുക എന്നതാണ് എൻ്റെ രീതി. വിജയിക്കാനാനാണ് ഞാൻ ആഗ്രഹിക്കുന്നത്. കീഴടങ്ങാനല്ല. മൂന്നാമത്തെയോ നാലാമത്തെയോ ദിവസം ടെസ്റ്റ് സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.”- കോലി പറഞ്ഞു.
Story Highlights: england india test tomorrow
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here