ടെസ്റ്റ് പരമ്പര ഇന്ത്യ ജയിക്കും: മൈക്കൽ വോൺ

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന് മുൻ ഇംഗ്ലണ്ട് താരവും കമൻ്റേറ്ററുമായ മൈക്കൽ വോൺ. ബെൻ സ്റ്റോക്സ് ടീമിൽ ഇല്ലാത്തതും അടുത്തിടെ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതും ഇംഗ്ലണ്ടിൻ്റെ ശക്തി ക്ഷയിപ്പിച്ചിട്ടുണ്ടെന്ന് വോൺ പറഞ്ഞു. 3-1 എന്ന നിലയിൽ ഇന്ത്യ പരമ്പര വിജയിക്കുമെന്നാണ് ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റൻ പ്രവചിച്ചിരിക്കുന്നത്. നാളെയാണ് ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പര ആരംഭിക്കുക. (Michael Vaughan India england)
“മുൻപ് പ്രവചനങ്ങളിൽ ചിലത് തെറ്റിയിട്ടുണ്ടെന്ന് എനിക്കറിയാം. പക്ഷേ, ബെൻ സ്റ്റോക്സ് ഇല്ലാത്തതും ഈയിടെ ന്യൂസീലൻഡിനോട് കീഴടങ്ങിയതും പരിഗണിക്കുമ്പോൾ ഇന്ത്യ പരമ്പര ജയിക്കും. പരമ്പര സ്വന്തമാക്കാൻ ഇന്ത്യക്ക് നല്ല സാധ്യതയുണ്ട്. സ്റ്റോക്സ് ഇല്ലാത്തത് ഇംഗ്ലൻ്റ് ടീമിൻ്റെ ബാലൻസിനെ ബാധിക്കും. ഒരു ബാറ്റ്സ്മാനോ ബൗളറോ അവർക്ക് കുറവാകും. ജോ റൂട്ടിന് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ സ്പിൻ ബൗളർമാർ നേട്ടമുണ്ടാക്കും. ഇന്ത്യ 3-1 എന്ന നിലയിൽ പരമ്പര ജയിക്കുമെന്നാണ് എൻ്റെ പ്രവചനം. “- വോൺ പറഞ്ഞു.
Read Also: ഇംഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിൽ നടക്കുന്ന ആദ്യ മത്സരമാണ് നാളെ നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്ജിൽ ഇന്ത്യൻ സമയം രാവിലെ 11 മണിക്ക് ആരംഭിക്കുക. പരുക്ക് വലയ്ക്കുന്ന ഇന്ത്യൻ ടീമിൽ നാളെ രോഹിത് ശർമ്മയ്ക്കൊപ്പം വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലോകേഷ് രാഹുൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ന്യൂസീലൻഡിനോട് പരാജയപ്പെട്ടതിൻ്റെ ക്ഷീണം മാറുന്നതിനു മുൻപാണ് ഇന്ത്യ അടുത്ത ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാഡ് കെട്ടുക.ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിച്ച ന്യൂസീലൻഡിൻ്റെ ആഘോഷങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. പോരാത്തതിന് ശുഭ്മൻ ഗിൽ, വാഷിംഗ്ടൺ സുന്ദർ, അവേശ് ഖാൻ എന്നിവർ പരുക്കേറ്റ് പുറത്താവുകയും ചെയ്തു. പകരം ടീമിലേക്ക് വിളിച്ച പൃഥ്വി ഷായും സൂര്യകുമാർ യാദവും ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല. ഇതിനെല്ലാം പുറമേ പരിശീലനത്തിനിടെ ഹെൽമറ്റിൽ പന്തിടിച്ച് പരുക്കേറ്റ ഓപ്പണർ മായങ്ക് അഗർവാൾ നാളത്തെ മത്സരത്തിൽ നിന്ന് പുറത്താവുകയും ചെയ്തു. ഇതിനെയൊക്കെ മറികടന്നുവേണം ഇന്ത്യക്ക് കളിയിൽ പ്രകടനം നടത്താൻ.
Story Highlights: Michael Vaughan India win england test series
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here