കശ്മീർ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറാനുള്ള തീരുമാനം വ്യക്തിപരം; ആരും ഭീഷണിപ്പെത്തിയില്ല: മോണ്ടി പനേസർ

പാകിസ്താൻ ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന വിവാദമായ കശ്മീർ പ്രീമിയർ നിന്ന് പിന്മാറിയത് വ്യക്തിപരമായ തീരുമാനമെന്ന് ഇംഗ്ലണ്ടിൻ്റെ മുൻ താരം മോണ്ടി പനേസർ. ബിസിസിഐയോ മറ്റാരെങ്കിലുമോ ഇക്കാര്യത്തിൽ തന്നെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള ചർച്ചകൾ അവസാനിപ്പിക്കണമെന്നും ഇന്ത്യൻ വംശജനായ ഇംഗ്ലണ്ട് സ്പിന്നർ വ്യക്തമാക്കി. (monty panesar tweet kashmir)
കശ്മീർ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറുകയാണെന്നറിയിച്ചുകൊണ്ടുള്ള ട്വീറ്റിനുള്ള റിപ്ലേയ്ക്ക് മറുപടി ആയാണ് പനേസർ ഇക്കാര്യം വ്യക്തമാക്കിയത്. ‘എന്നെ ആരും ബ്ലാക്ക്‌മെയിൽ ചെയ്തിട്ടില്ല. എനിക്ക് ചില നിർദേശങ്ങൾ ലഭിച്ചു. അതിൻ്റെ പ്രത്യാഘാതങ്ങളെ കുറിച്ച് എനിക്ക് മനസിലായി. പിന്മാറാനുള്ളത് എന്റെ തീരുമാനമാണ്.’- പനേസർ ട്വീറ്റ് ചെയ്തു.
കശ്മീർ പ്രീമിയർ ലീഗിൽ കളിക്കുന്നവരെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കുമെന്ന് ബിസിസിഐ പറഞ്ഞിരുന്നു. ദേശീയ താത്പര്യം പരിഗണിച്ചാണ് ഇത്തരത്തിൽ ഒരു തീരുമാനം എടുത്തിരിക്കുന്നതെന്നും പാകിസ്താൻ പ്രീമിയർ ലീഗിൽ കളിക്കുന്നതിന് എതിർപ്പില്ലെന്നും ബിസിസിഐ പറഞ്ഞു.
“കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാൻ താരങ്ങളെ അനുവദിക്കരുതെന്ന് ക്രിക്കറ്റ് ബോർഡുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിലക്ക് ലംഘിച്ച് ലീഗിൽ കളിക്കുന്ന താരങ്ങളെ ഇന്ത്യയിലെ എല്ലാ തരം ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ നിന്നും വിലക്കും. ഇക്കാര്യത്തിൽ ഞങ്ങൾ ദേശീയ താത്പര്യം പരിഗണിക്കുന്നുണ്ട്. പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളോട് ഞങ്ങൾക്ക് എതിർപ്പില്ല. പക്ഷേ, ഇത് പാക് അധിനിവേശ കശ്മീരിലെ ക്രിക്കറ്റ് ലീഗാണ്.”- ബിസിസിഐ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം ബിസിസിഐക്കെതിരെ ഗുരുതര ആരോപണവുമായി മുൻ ദക്ഷിണാക്കൻ ക്രിക്കറ്റ് താരം ഹെർഷെൽ ഗിബ്‌സ് രംഗത്തെത്തിയിരുന്നു. കശ്മീർ പ്രീമിയർ ലീഗിൽ കളിക്കാതിരിക്കാൻ ബിസിസിഐ തന്നെ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഗിബ്‌സ് ആരോപിക്കുന്നത്. മുസാഫറാബാദിൽ ഓഗസ്ത് ആറിനാണ് കാശ്മീർ പ്രമീയർ ലീഗ് ആരംഭിക്കുന്നത്. കശ്മീർ വിഷയത്തിൽ ഇന്ത്യ-പാകിസ്താൻ തർക്കം നിലനിൽക്കെയാണ് പ്രകോപനപരമായി കശ്മീർ പ്രീമിയർ ലീഗുമായി പാകിസ്താൻ മുന്നോട്ടു പോകുന്നത്.
ആറ് ടീമുകൾ ടൂർണമെന്റിലുണ്ട്. എല്ലാ ടീമിലും അഞ്ചു കളിക്കാർ പാക് അധീനതയിലുള്ള കാശ്മീരിൽ നിന്നുള്ളവരാണ്. മുൻ പാക് താരം വസീം അക്രം സംഘാടകരിൽ പ്രമുഖനാണ്. ഷാഹിദ് അഫ്രീദിയാണ് ബ്രാൻഡ് അംബാസഡർ. എല്ലാ മത്സരങ്ങളും മുസഫറാബാദ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കും.
Story Highlights: monty panesar tweet kashmir premier league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here