മാനസികാരോഗ്യം: ന്യൂസീലൻഡിന്റെ അമേലിയ കെർ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറി

ന്യൂസീലൻഡിൻ്റെ വനിതാ യുവതാരം അമേലിയ കെർ ഇംഗ്ലണ്ട് പരമ്പരയിൽ നിന്ന് പിന്മാറി. മാനസികാരോഗ്യം മുൻനിർത്തിയാണ് പിന്മാറ്റം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് പുരുഷതാരം ബെൻ സ്റ്റോക്സ് മാനസികാരോഗ്യം മുൻനിർത്തി ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേള എടുത്തിരുന്നു. (amelia kerr mental health)
“ന്യൂസീലൻഡിനായി കളിക്കുന്നത് എനിക്ക് ഇഷ്ടമാണ്. പക്ഷേ, പലരുമായുള്ള ചർച്ചകൾക്ക് ശേഷം മാനസികാരോഗ്യത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ടെന്ന് എനിക്ക് മനസ്സിലായി. ഇപ്പോൾ എനിക്ക് ഇതാണ് ഏറ്റവും പറ്റിയതെന്ന് മനസ്സിലായി.”- പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ട് അമേലിയ പറഞ്ഞു.
20 വയസ്സുകാരിയായ അമേലിയ ന്യൂസീലൻഡിനായി 40 ഏകദിനങ്ങളിലും 41 ടി-20കളിലും പാഡണിഞ്ഞിട്ടുണ്ട്. മികച്ച ഓൾറൗണ്ടറായ അമേലിയ കിവീസ് നിരയിലെ സുപ്രധാന താരമാണ്.
Read Also: ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുത്ത് ബെൻ സ്റ്റോക്സ്
കഴിഞ്ഞ ദിവസമാണ് ബെൻ സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് അനിശ്ചിത കാല ഇടവേളയെടുക്കുകയാണെന്ന് അറിയിച്ചത്. ചൂണ്ടുവിരലിലെ പരുക്കും ഈ തീരുമാനം എടുക്കാൻ സ്റ്റോക്സിനെ പ്രേരിപ്പിച്ചു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇടവേള എടുത്തതോടെ താരം ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല.
കഴിഞ്ഞ വർഷം ഏതാണ്ട് മുഴുവനായും ബയോ ബബിളിലാണ് സ്റ്റോക്സ് കഴിച്ചുകൂട്ടിയത്. ഐപിഎലിൽ ഉൾപ്പെടെ ബയോ ബബിളിൽ കഴിഞ്ഞ താരത്തിൻ്റെ പിതാവ് കഴിഞ്ഞ ഡിസംബറിൽ മരണപ്പെട്ടിരുന്നു. ഇതൊക്കെ സ്റ്റോക്സിൻ്റെ മാനസികാരോഗ്യത്തിനു പ്രശ്നമുണ്ടാക്കിയെന്നാണ് വിവരം. അടുത്തിടെ രണ്ടാം നിര ഇംഗ്ലണ്ട് ടീമിനെ നയിച്ച് പാകിസ്താനെതിരെ 3-0ന് ഏകദിന പരമ്പര നേടാൻ സ്റ്റോക്സിനു കഴിഞ്ഞിരുന്നു. ടി-20 പരമ്പരയിൽ താരത്തിനു വിശ്രമം അനുവദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്റ്റോക്സ് ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കാൻ തീരുമാനിച്ചത്. സ്റ്റോക്സിൻ്റെ തീരുമാനത്തിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പിന്തുണ നൽകിയിരുന്നു.
അതേസമയം, ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള ടെസ്റ്റ് പരമ്പര ഇന്ന് ആരംഭിക്കും. നോട്ടിംഗ്‌ഹാമിലെ ട്രെൻ്റ് ബ്രിഡ്ജിലാണ് പരമ്പരയിലെ ആദ്യ മത്സരം. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മത്സരം ആരംഭിക്കും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് രണ്ടാം എഡിഷനിലെ ആദ്യ പരമ്പര കൂടിയാണ് ഇത്. കഴിഞ്ഞ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഫൈനലിലെത്തിയിരുന്നു.
Story Highlights: amelia kerr mental health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here