പെഗസിസ് ചാരവൃത്തി; ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നമ്പറും പട്ടികയില്‍

സുപ്രിംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയുടെ പഴയ ഫോണ്‍ നമ്പര്‍ പെഗസിസ് പട്ടികയിലെന്ന് റിപ്പോര്‍ട്ട്. സുപ്രിംകോടതി രജിസ്ട്രറിയിലെ ഉദ്യോഗസ്ഥരുടെ പേരുകളും പട്ടികയിലുണ്ടെന്ന് ‘ദി വയര്‍’ പുറത്തുവിട്ട പട്ടികയില്‍ വെളിപ്പെടുത്തുന്നു. നിലവില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനാണ് ജസ്റ്റിസ് അരുണ്‍ മിശ്ര.(justice arun misra)
2010 സെപ്തംബര്‍ മുതല്‍ 2018 സെപ്തംബര്‍ വരെ നമ്പര്‍ അരുണ്‍ മിശ്രയുടെ പേരിലായിരുന്നു ഫോണ്‍ നമ്പര്‍. 2014ല്‍ ഈ നമ്പര്‍ സറണ്ടര്‍ ചെയ്‌തെന്നാണ് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കുന്നത്. എന്നാല്‍ അതിന് ശേഷം ആരാണ് ഈ നമ്പര്‍ ഉപയോഗിച്ചതെന്ന് വ്യക്തമല്ല. എന്‍ കെ ഗാന്ധി, ടി ഐ രാജ്പുത് എന്നിങ്ങനെ റിട്ട് സെക്ഷനിലുള്ള രണ്ട് രജിസ്ട്രാര്‍മാരുടെ നമ്പറുകളും പട്ടികയിലുണ്ട്. ഇവരും ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്തവരാണ്.
അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് കേസ് പ്രതി ക്രിസ്റ്റ്യന്‍ മിഷേലിന്റെ അഭിഭാഷകനായിരുന്ന മലയാളി കൂടിയായ അല്‍ജോ ജോസഫിന്റെയും നീരവ് മോദി ഉള്‍പ്പെട്ട പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ എന്നിവരുടെയും മുന്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ രോഹ്തിയുടെ ചേംബറിലെ ജൂനിയര്‍ അഭിഭാഷകന്‍ എം.തിരുമൂര്‍ത്തിയുടെ നമ്പറും പെഗസിസിന്റെ പുതിയ പട്ടികയിലുണ്ട്.
ഇസ്രയേല്‍ നിര്‍മിത ചാര സോഫ്റ്റ്വയര്‍ പെഗാസസ് ഉപയോഗിച്ച് കേന്ദ്രമന്ത്രിമാരുടെയും പ്രതിപക്ഷ നേതാക്കളുടെയും ജഡ്ജിമാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തിയെന്ന വെളിപ്പെടുത്തല്‍ ദി വയറാണ് ആദ്യം പുറത്തുവിട്ടത്. ഫോണ്‍ചോര്‍ത്തല്‍ കേന്ദ്രസര്‍ക്കാര്‍ അറിവോടെ ആണെന്ന വാര്‍ത്ത ഇതിന് പിന്നാലെ പുറത്ത് വന്നിരുന്നു. എന്നാല്‍ വാര്‍ത്ത കേന്ദ്രം തള്ളുകയും ചെയ്തു.
Story Highlights: justice arun misra, pegasus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here