അനൗപചാരിക ചര്‍ച്ചകള്‍ തുടര്‍ന്ന് നേതാക്കള്‍; നാളെ മുസ്ലിം ലീഗ് നേതൃയോഗം

മുഈന്‍ അലി തങ്ങളുടെ പ്രതികരണങ്ങള്‍ക്കുപിന്നാലെ ലീഗില്‍ അസ്വാരസ്യങ്ങള്‍ പുകയുന്നു. വിഷയം ചര്‍ച്ച ചെയ്യാന്‍ നാളെ ലീഗ് നേതൃയോഗം ചേരും. യോഗത്തിന് മുന്നോടിയായി പ്രധാന നേതാക്കളുടെ അനൗപചാരിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
പാണക്കാട് മുഈന്‍ അലി ശിഹാബ് തങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ലീഗിനെ പിടിച്ചുലയ്ക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രവര്‍ത്തകര്‍ അണിനിരന്നതോടെ സമവായപാതയിലേക്ക് മാറാനാണ് നേതൃത്വത്തിന്റെ നീക്കം. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും പാണക്കാട് കുടുംബത്തിലെ ഒരംഗത്തിനെതിരെ നടപടിയെടുക്കുക ലീഗിന് എളുപ്പമാകില്ല.
കുടുംബാംഗങ്ങളുമായും പാര്‍ട്ടി തലത്തിലും ചര്‍ച്ച നടത്തി തീരുമാനമെടുക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി ആലോചിച്ച് നിലപാട് പറയുമെന്നായിരുന്നു എം കെ മുനീറിന്റെ പ്രതികരണം.
അതിനിടെ മുഈന്‍ അലി തങ്ങളുടെ, ചന്ദ്രികയിലെ ഇടപെടലുകള്‍ ഹൈദരലി ശിഹാബ് തങ്ങളുടെ പിന്തുണയോടെയാണ് നടക്കുന്നതെന്ന വിവരവും പുറത്തുവന്നു. ആദ്യ ഇഡി അന്വേഷണം വന്നപ്പോഴാണ് മുഖപത്രത്തിലെ ഇടപാടുകള്‍ പരിശോധിക്കാന്‍ മുഈന്‍ അലിയെ ഹൈദരലി ശിഹാബ് തങ്ങള്‍ ചുമതലപ്പെടുത്തിയത്. ചന്ദ്രികയുടെ പ്രവര്‍ത്തനം ശരിയായ വഴിയിലല്ലെന്ന് മുഈന്‍ അലി ഹൈദരലി തങ്ങളെ അറിയിക്കുകയും ചെയ്തിരുന്നു.
മറുവശത്ത്, വാര്‍ത്താസമ്മേളനത്തില്‍ മുഈന്‍ അലി തങ്ങളോട് തട്ടിക്കയറിയ റാഫി ഖേദപ്രകടനവുമായി രംഗത്തെത്തി. മുഈന്‍ അലി തങ്ങള്‍ പാര്‍ട്ടി ശത്രുക്കളുടെ വാക്കുകള്‍ ഏറ്റുപിടിച്ചതുകൊണ്ടാണ് പ്രതികരിച്ചതെന്നും റാഫി പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ ടി ജലീല്‍ കൊണ്ടുവന്ന ആരോപണങ്ങള്‍ക്ക് ലീഗില്‍ നിന്നുതന്നെ പിന്തുണ ലഭിച്ചതോടെ സമീപകാലത്തില്ലാത്ത രാഷ്ട്രീയ പ്രതിസന്ധിയെയാണ് മുസ്ലിം ലീഗ് അഭിമുഖീകരിക്കുന്നത്.
Story Highlight: muslim league kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here