ബ്ലാസ്റ്റേഴ്സിലേക്ക് അർജന്റൈൻ താരം എത്തുന്നു

ഐഎസ്എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് അർജൻ്റൈൻ താരം എത്തുന്നു. സ്ട്രൈക്കർ ഹോർഹെ പെരേര ഡിയാസ് ആണ് പുതുതായി ക്ലബിലെത്തുക. താരം ഒരു വർഷത്തേക്ക് ക്ലബുമായി കരാർ ഒപ്പിട്ടു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്ലബിൻ്റെ മൂന്നാമത്തെ വിദേശ സൈനിംഗ് ആണ് 31കാരനായ അർജൻ്റൈൻ താരം. ഇതിനോടകം ഉറുഗ്വെ മധ്യനിര താരം അഡ്രിയാൻ ലൂണ, ബോസ്നിയൻ പ്രതിരോധ താരം എനെസ് സിപോവിൻ എന്നിവരെയാണ് ബ്ലാസ്റ്റേഴ്സ് വിദേശതാരങ്ങളായി ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം, പുതിയ സൈനിംഗിനെപ്പറ്റി ക്ലബ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. (argentina footballer kerala blasters)
2008ൽ അർജൻ്റൈൻ ക്ലബ് ഫെറോ കാരിൽ ഓസ്റ്റെക്ക് വേണ്ടി കളിച്ചാണ് താരം പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. അവസാനമായി അത്‌ലറ്റികോ പ്ലാറ്റൻസിലാണ് ഹോർഹെ കളിച്ചത്. മെക്സിക്കോ, ബൊളീബിയ, ചിലി, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ക്ലബുകളിലും ഹോർഹെ ബൂട്ടണിഞ്ഞിട്ടുണ്ട്.
അതേസമയം, ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബറിലെന്ന് സൂചനയുണ്ട്. സെപ്തംബർ അഞ്ചിന് ടൂർണമെൻ്റ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല.
Read Also: മെസിയില്ലാതെ ബാഴ്സയിൽ കളിക്കാൻ താത്പര്യമില്ല; ക്ലബ് വിടണമെന്ന് സെർജിയോ അഗ്യൂറോ
ടൂർണമെൻ്റിൽ പങ്കെടുക്കുന്ന ടീമുകൾ ഏതൊക്കെയാവും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടായിട്ടില്ലെങ്കിലും കേരള ക്ലബുകളായ ഗോകുലം കേരളയും കേരള ബ്ലാസ്റ്റേഴ്സും പരസ്പരം ഏറ്റുമുട്ടിയേക്കുമെന്നും സൂചനയുണ്ട്.
വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.
ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായാണ് കഴിഞ്ഞ സീസൺ ഐഎസ്എൽ നടത്തിയത്. സീസണിൽ മുംബൈ സിറ്റി എഫ്സി സീസൺ ഡബിൾ നേടിയിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തി ഐഎസ്എൽ ഷീൽഡ് സ്ന്തമാക്കിയ ഐലാൻഡേഴ്സ് ഫൈനലിൽ വിജയിച്ച് ഐഎസ്എൽ കിരീടവും സ്വന്തമാക്കിയിരുന്നു.
Story Highlight: argentina footballer coming kerala blasters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here